സ്ഥാനാർഥികൾ നോക്കിയും കണ്ടും സോഷ്യൽ മീഡിയയിൽ ഇടപെട്ടില്ലെങ്കിൽ കർശന നടപടി; മീഡിയ സെൽ പ്രവർത്തനമാരംഭിച്ചു

സ്ഥാനാർഥികൾ നോക്കിയും കണ്ടും സോഷ്യൽ മീഡിയയിൽ ഇടപെട്ടില്ലെങ്കിൽ കർശന നടപടി; മീഡിയ സെൽ പ്രവർത്തനമാരംഭിച്ചു

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുന്നതിനുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്‍ (എം.സി.എം.സി) മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനു പുറമെ, മാധ്യമങ്ങളില്‍ വരുന്ന പെയ്ഡ് ന്യൂസ്, പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവയുടെ നിരീക്ഷണമാണ് സെല്ലിന്റെ പ്രധാന ചുമതല. പത്രങ്ങള്‍, ആനുകാലികങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, റേഡിയോ, സ്വകാര്യ എഫ്.എം ചാനലുകള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിന് വിധേയമാക്കും.

പെയ്ഡ് ന്യൂസ് സംബന്ധമായി ലഭിക്കുന്ന പരാതികളും എം.സി.എം.സി പരിശോധിക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായ ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കഴിയുന്നത് വരെ നിരീക്ഷണം തുടരും. പെയ്ഡ് ന്യൂസിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ചെലവുകള്‍ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. മാധ്യമങ്ങളില്‍ വരുന്ന സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പരസ്യങ്ങളുടെ ചെലവുകളും തിട്ടപ്പെടുത്തി ബന്ധപ്പെട്ട വരണാധികാരിക്കും ചെലവ് വിഭാഗം നോഡല്‍ ഓഫീസര്‍ക്കും കൈമാറും.

 

സിവില്‍ സ്റ്റേഷനിലെ ബി 3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ മോണിറ്ററിങ് സെല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. പൊന്നാനി മണ്ഡലം വരണാധികാരിയായ എ.ഡി.എം കെ. മണികണ്ഠന്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി, അസിസ്റ്റന്റ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി. പവനന്‍, ആകാശവാണി മഞ്ചേരി എഫ്.എം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പ്രതാപ് പോള്‍, മലപ്പുറം പ്രസ്സ് ക്ലബ് പ്രസിഡന്റ് വിമല്‍ കുമാര്‍, പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.പി അബ്ദുറഹ്‌മാന്‍ ഹനീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Sharing is caring!