ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്
മലപ്പുറം: ജില്ലയില്‍ ഡെങ്കിപ്പനി രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് രേണുക അറിയിച്ചു. ജനുവരി മുതല്‍ ഇതുവരെ ജില്ലയില്‍ സ്ഥിരീകരിച്ച 469 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 581 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ചുങ്കത്തറ, എടവണ്ണ, വണ്ടൂര്‍ എന്നീ ഹെല്‍ത്ത് ബ്ലോക്കുകളിലാണ്. ചുങ്കത്തറ ഹെല്‍ത്ത് ബ്ലോക്കില്‍ 120 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും, എടവണ്ണ ഹെല്‍ത്ത് ബ്ലോക്കില്‍ 80 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും, വണ്ടൂര്‍ ഹെല്‍ത്ത് ബ്ലോക്കില്‍ 67 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനി:-
ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകല്‍ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടര്‍ന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം ഡെങ്കിപ്പനി ബാധിച്ചാല്‍ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യുന്നതാണ്.
ലക്ഷണങ്ങള്‍:-
ഡെങ്കി വൈറസ് ശരീരത്തില്‍ കയറിയാല്‍ അഞ്ച് മുതല്‍ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, കടുത്ത ശരീരവേദന തൊലിപ്പുറത്ത് ചുവന്ന പാടുകള്‍, ഛര്‍ദ്ദിയും ഒക്കാനാവും തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍
ഡെങ്കിപ്പനി മൂര്‍ച്ചിച്ച് കഴിഞ്ഞാല്‍ പൊതുവെയുള്ള ലക്ഷണങ്ങള്‍ക്കൊപ്പം താഴെ പറയുന്ന ലക്ഷണങ്ങള്‍ കൂടി കാണുകയാണെങ്കില്‍ എത്രയും വേഗം വൈദ്യ സഹായം തേടണം. അസഹനീയമായ വയറുവേദന, മൂക്കില്‍ നിന്നും വായില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക, ശ്വാസോച്ഛ്വാസത്തിന് വിഷമം, രക്തത്തോടു കൂടിയോ ഇല്ലാതയോ ഇടവിട്ടുള്ള ഛര്‍ദ്ദി, കറുത്ത നിറത്തില്‍ മലം പോകുക, അമിതമായ ദാഹം എന്നിവ.
എങ്ങനെ പ്രതിരോധിക്കാം?
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നില്‍ക്കുന്നതിന് അനുവദിക്കരുത്. രോഗം വന്നയാളെ കൊതുക് വലയ്ക്കുള്ളില്‍ തന്നെ കിടത്താന്‍ ശ്രമിക്കുക. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്. കൊതുക് കടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൈകളും കാലുകളും നന്നായി മറച്ച് വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കാം. കൊതുക് കടി ഒഴിവാക്കാന്‍ തൊലിപ്പുറത്ത് ക്രീമുകള്‍, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്ന് തോന്നിയാല്‍ രോഗിക്ക് മതിയായ വിശ്രമം നല്‍കേണ്ടതും കുടിക്കാന്‍ ധാരാളം വെള്ളം നല്‍കേണ്ടതുമാണ്.
രോഗം വന്ന് കഴിഞ്ഞാല്‍ വിദഗ്ധ ചികിത്സയാണ് പ്രധാനം. ആരും തന്നെ സ്വയം ചികിത്സ ചെയ്യരുത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ നല്‍കേണ്ടത് വളരെ പ്രധാനമാണ്. രോഗം ഗുരുതരമായവര്‍ക്ക് രക്തം, പ്ലാസ്മ, പ്ലേറ്റ്ലെറ്റ് ചികിത്സ എന്നിവ നല്‍കാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-
* കൊതുക് പെരുകാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ ഇല്ലാതാക്കലാണ് പ്രധാനമായും ചെയ്യേണ്ടത്. വെള്ളം കെട്ടി നില്ക്കാന് സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യുക. കെട്ടി നില്ക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം.
* ഉറവിട നശീകരണം ഉറപ്പുവരുത്തുക. ഡ്രൈ ഡേ (Dry day) ആചരിക്കുക.
* പാഴ് വസ്തുക്കള്‍ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കുക.
* വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്നു ഉറപ്പുവരുത്തുക.
* ഓവര്‍ ഹെഡ് ടാങ്കുകള്‍ അടച്ചു സൂക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
* വെള്ളം പിടിച്ചു വെക്കുന്ന പാത്രങ്ങള്‍ മൂടിവയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുക.
* വെള്ളം പിടിച്ചു വെക്കുന്ന പാത്രങ്ങള്‍ ചകിരി ഉപയോഗിച്ച് ഉരച്ചു കഴുകി വൃത്തിയാക്കിയതിന്ന് ശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കുക.
* വീണ്ടും വെള്ളം നിറയ്ക്കുന്നില്ലെങ്കില്‍ പാത്രങ്ങള്‍ ഉണക്കി കമിഴ്ത്തി സൂക്ഷിക്കുക.
* പാത്തികള്‍, സണ്‍ഷൈഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക.
* ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന് പിന്നിലെ ട്രേ, കൂളറുകളുടെ പിന്‍വശം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
* രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക, രോഗലക്ഷണം കണ്ടു കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെയോ/ആശുപത്രിയിലോ വിവരം അറിയിക്കുക..
* രോഗി കൃത്യമായി വിശ്രമം എടുക്കുക.
* കൊതുക് കടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുക.
* കൊതുകുവല, കൊതുകുനിശീകരണികള്‍ തുടങ്ങിയവ ഉപയോഗിക്കുക.
* രോഗി നിര്‍ബന്ധമായും കൊതുകുവല ഉപയോഗിക്കുക
* കൃഷിയിടങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക (കമുകിന് തോട്ടങ്ങള്‍, റബര്‍തോട്ടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്).
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]