ലോക്സഭാ തെരഞ്ഞെടുപ്പ്: ആദിവാസി കോളനികളിൽ വോട്ടർ ബോധവൽക്കരണവുമായി ജില്ലാ കളക്ടർ

ലോക്സഭാ തെരഞ്ഞെടുപ്പ്: ആദിവാസി കോളനികളിൽ വോട്ടർ ബോധവൽക്കരണവുമായി ജില്ലാ കളക്ടർ

നിലമ്പൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലമ്പൂർ മേഖലയിലെ വിവിധ ആദിവാസി കോളനികളിൽ വോട്ടർ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ജില്ലാ കളക്ടർ വി.ആർ. വിനോദിൻ്റെയും ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ്റെയും സന്ദർശനം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ‘സ്വീപ്’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടറും സംഘവും കോളനികളിലെത്തിയത്. വനമേഖലയിൽ ഒരുക്കുന്ന പോളിംഗ് ബൂത്തുകളുടെ സൗകര്യങ്ങളും സംഘം നേരിൽ പരിശോധിച്ച് വിലയിരുത്തി.

മുണ്ടേരി വാണിയമ്പുഴ ഇരുട്ടുകുത്തിയിലുള്ള മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലെ പോളിംഗ് ബൂത്ത്, വനത്തിനുള്ളിലെ തരിപ്പപ്പൊട്ടി കോളനി എന്നിവ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഒന്നിച്ചാണ് സന്ദർശനം നടത്തിയത്. ഇവിടെ ആദിവാസി ഊരുകളിലെ വോട്ടർമാർക്ക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുകയും വോട്ട് ചെയ്ത് പരിശീലിപ്പിക്കുകയും ചെയ്തു. 237 വോട്ടർമാരാണ് ഈ ബൂത്തിലുള്ളത്. തുടർന്ന് സമീപത്തെ കുമ്പളപ്പാറ കോളനിയിലും വഴിക്കടവ് ആനമറിയിലെ പുഞ്ചക്കൊല്ലി കോളനിയിലും കളക്ടർ എത്തി ആദിവാസികളുടെ പ്രശ്നങ്ങൾ കേൾക്കുകയും വോട്ടെടുപ്പുമായി ബന്ധപ്പെട്ട ബോധവത്ക്കരണം നടത്തുകയും ചെയ്തു. വോട്ടിംഗ് യന്ത്രത്തിന്റെ ബാലറ്റ് യൂണിറ്റും വി.വി. പാറ്റും കളക്ടർ തന്നെ പരിചയപെടുത്തുകയും അവരെക്കൊണ്ട് വോട്ട് ചെയ്യിക്കുകയും ചെയ്തു. എല്ലാവരും വോട്ടുചെയ്യണമെന്നും പട്ടികയിൽ പേരുണ്ടെന്നും തിരിച്ചറിയൽ കാർഡ് ലഭിച്ചെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു.

പുഞ്ചക്കൊല്ലി കോളനിയിലെ പട്ടിക വർഗ വകുപ്പിന്റെ മോഡൽ പ്രീ സ്കൂളിൽ ഒരുക്കുന്ന പോളിംഗ് ബൂത്തിലെ സൗകര്യങ്ങളും കളക്ടർ പരിശോധിച്ചു. പുഞ്ചക്കൊല്ലി, അളക്കൽ കോളനികളിലെ 222 വോട്ടർമാരാണ് ഈ ബുത്തിലുള്ളത്. പുന്നപ്പുഴ മുറിച്ച് കടന്നാണ് കളക്ടർ കോളനിയിൽ എത്തിയത്. ഇവിടെ പ്രളയത്തിൽ തകർന്ന പാലവും പരിശോധിച്ചു. വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ്റെ അങ്കണത്തിൽ നബാർഡും ജെ. എസ്. എന്നും ചേർന്ന് ഒരുക്കിയ ആദിവാസി വികസന പദ്ധതി ശില്പശാലയിലും കളക്ടർ പങ്കെടുത്ത് സംസാരിക്കുകയും ആദിവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കുമ്പളപ്പാറ കോളനിയിൽ ഉത്സവ ദിനമായിരുന്നതിനാൽ അവരുടെ ആഘോഷ പരിപാടികളും വട്ടക്കളി ഉൾപ്പെടെ കലാപരിപാടികളും കളക്ടർ വീക്ഷിച്ചു.

പ്രസവത്തിനായുള്ള അനധികൃത കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും: ജില്ലാ കളക്ടര്‍

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, നിലമ്പൂർ താലൂക്ക് തഹസിൽദാർ ഇ.എൻ. രാജു, ഐ.ടി.ഡി.പി അസി. പ്രോജക്ട് ഓഫീസർ ബി.സി. അയ്യപ്പൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.ടി ഉസ്മാൻ, റവന്യൂ, ഇലക്ഷൻ, പൊലീസ്, വനം, പി. ആർ.ഡി, പട്ടികവർഗ വകുപ്പുകളിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുഗമിച്ചു.

Sharing is caring!