നെടുങ്കയത്ത് സ്കൂൾ ക്യാംപിനെത്തിയ രണ്ടു പെൺകുട്ടികൾ കരിമ്പുഴയിൽ മുങ്ങി മരിച്ചു

നെടുങ്കയത്ത് സ്കൂൾ ക്യാംപിനെത്തിയ രണ്ടു പെൺകുട്ടികൾ കരിമ്പുഴയിൽ മുങ്ങി മരിച്ചു

നിലമ്പൂര്‍: നെടുങ്കയത്ത് സ്കൗട്ട് ആന്റ് ​ഗൈഡ്സ് ക്യാംപിനെത്തിയ തിരൂരിലെ രണ്ട് വിദ്യാര്‍ഥിനികൾ കരിമ്പുഴയില്‍ മുങ്ങിമരിച്ചു. തിരൂര്‍ ഉപജില്ലയിലെ കല്‍പ്പകഞ്ചേരി കല്ലിങ്ങപ്പറമ്പ എം എസ് എം എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്. കന്മനം കുറുങ്കാട് പുത്തന്‍വളപ്പില്‍ അബ്ദുള്‍ റഷീദ് -റസീന ദമ്പതികളുടെ മകള്‍ ആയിഷ റിദ (13), പുത്തനത്താണി ചെല്ലൂര്‍ കുന്നത്ത് പീടിയേക്കല്‍ മുസ്തഫ -ആയിശ ദമ്പതികളുടെ മകള്‍ ഫാത്തിമ മൊഹസിന (11) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് 49 വിദ്യാര്‍ഥികളും എട്ട് അധ്യാപകരുമടങ്ങിയ സംഘം നിലമ്പൂരിലെ വിവിധ എക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനും ക്യാംപിനുമായി നിലമ്പൂരിലെത്തിയത്. സംഘത്തിൽ 33 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. രാവിലെ സ്‌കൂളില്‍ നിന്ന് പുറപ്പെട്ട സംഘം നിലമ്പൂരിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശനം നടത്തി വൈകുന്നേരം നാല് മണിയോടെയാണ് കരുളായി വനത്തിനകത്തുള്ള നെടുങ്കയം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്.വനം വകുപ്പിന്റെ ഡോര്‍മെറ്ററിയില്‍ താമസിക്കാനും ക്യാമ്പ് നടത്താനും ഡി എഫ് ഒയില്‍ നിന്ന് നേരത്തെ അനുമതി വാങ്ങിയശേഷമാണ് സംഘം എത്തിയത്.

വൈകുന്നേരം കരിമ്പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കയത്തില്‍ മൂന്ന് കുട്ടികള്‍ മുങ്ങിയിരുന്നെങ്കിലും ഒരു കുട്ടിയെ കൂടെയുണ്ടായിരുന്ന അധ്യാപകന്‍ രക്ഷപ്പെടുത്തുകയായിരുന്നു. നെടുങ്കയം പാലത്തിന്റെ താഴെ ഭാഗത്ത് ആണ്‍കുട്ടികളും മുകള്‍ ഭാഗത്ത് പെണ്‍കുട്ടികളുമാണ് കുളിക്കാനിറങ്ങിയതെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രവാസിയെ പാർസലിൽ കഞ്ചാവ് വെച്ച് കുടുക്കാൻ ശ്രമം

കരുളായിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.ആയിഷ റിദ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും ഫാത്തിമ മൊഹസിന ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

Sharing is caring!