കേരളത്തിലെ സോഷ്യല് എന്റര്പ്രണര്ഷിപ്പ് മികവിന്റെ പാതയില്: ലക്ഷ്മി മേനോന്
ചെറിയ പ്രശ്നങ്ങള്ക്കുള്ള ലളിതമായ പരിഹാര മാര്ഗങ്ങളിലൂടെ സാധാരണ ജനതയുടെ ജീവിതത്തില് വലിയ മാറ്റങ്ങളുടെ പ്രകാശം തെളിക്കുകയാണ് ഡിസൈനറും സാമൂഹിക സംരംഭകയുമായ ലക്ഷ്മി മേനോന്. അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് കേരളത്തില് എത്തി നിരവധി സംരംഭങ്ങള്ക്ക് തുടക്കം കുറിച്ച ലക്ഷ്മി മേനോന് അമ്മൂമ്മത്തിരി, വിത്ത് പേന, ചൂലാല തുടങ്ങിയ നിരവധി നൂതനാശയങ്ങള് അവതരിപ്പിച്ച് ശ്രദ്ധ നേടി. ഇന്ത്യയെ മാറ്റി മറിച്ച പതിമൂന്ന് സ്ത്രീകളില് ഒരാളായി ലക്ഷ്മിയെ സ്റ്റാര് പ്ലസ് ചാനല് തിരഞ്ഞെടുത്തിരുന്നു. എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്തിനടുത്ത് ‘പ്ലേസ്’ (PLACE-Pure Living – Avenue for Creative Engagements) ല് ഇരുന്ന് നൂതനാശയങ്ങള് നെയ്തെടുക്കുകയാണ് ലക്ഷ്മി. കേരളത്തിന്റെ സമസ്ത നേട്ടങ്ങള് ലോകത്തിനു മുന്നില് അവതരിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി ലക്ഷ്മി മേനോന് തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെക്കുന്നു.
കേരളത്തിലെ സാമൂഹിക സംരംഭങ്ങള്?
സാമൂഹിക പ്രശ്നങ്ങള്ക്ക് പരിഹാരം തേടുന്ന നിരവധി സംരംഭങ്ങള് പുതുതായി വരുന്നുണ്ട്. മാലിന്യ സംസ്കരണ മേഖലയിലൊക്കെ ഇത്തരം നിരവധി സംരംഭങ്ങള് വരുന്നു. ഇതിന് ആണ് പെണ് വ്യത്യാസമില്ല. ലിംഗ വ്യത്യാസം അധികം അനുഭവപ്പെടാത്തത് കേരളത്തിലാണ് എന്നു തോന്നാറുണ്ട്. ലിംഗ വ്യത്യാസമില്ലാതെ വളര്ത്തി അവസരങ്ങള് നല്കുന്ന സംസ്ഥാനമാണിത്. സ്റ്റാര്ട്ട് അപ്പ് മിഷനിലൊക്കെ ചെല്ലുമ്പോള് ആണ്കുട്ടികളെയും പെണ്കുട്ടികളെയും ഒരുപോലെ കാണാറുണ്ട്. രക്ഷിതാക്കളും തുറന്ന മനസുള്ളവരാണ്. കേരളത്തില് സോഷ്യല് എന്റര്പ്രണര്ഷിപ്പ് വളരെ മികച്ച രീതിയില് മുന്നേറുന്നു. സര്ക്കാരിന്റെ ഭാഗത്തു നിന്ന് വലിയ പിന്തുണയും ഇതിന് ലഭിക്കുന്നുണ്ട്. പ്രശ്നങ്ങള്ക്ക് നല്ല പരിഹാരം നിര്ദേശിക്കുകയാണെങ്കില് ഉടന് തന്നെ അവ സ്വീകരിക്കപ്പെടുകയും തുടര് പ്രവര്ത്തനങ്ങള് സാധ്യമാകുകയും ചെയ്യുന്നു. വളര്ച്ചയ്ക്ക് അനുയോജ്യമായ വിളഭൂമിയാണ് കേരളം. യുവാക്കള് അത് തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. വിദേശത്ത് പഠിക്കാന് പോകുന്നവരും സംരംഭങ്ങള് തുടങ്ങി ഇവിടെയും അവിടെയുമായി സംരംഭങ്ങള് മുന്നോട്ട് കൊണ്ടുപോകുന്നവരുണ്ട്.
തികച്ചും വ്യത്യസ്തമായ ആശയങ്ങള്ക്കുള്ള പ്രചോദനം?
നാട്ടിലെ വിവിധ പ്രശ്നങ്ങളും അതില് നമുക്ക് ചെയ്യാന് കഴിയുന്നതും സംബന്ധിച്ച് വീട്ടില് ഇടയ്ക്കിടെ സംസാരിക്കുക പതിവായിരുന്നു. ചെറിയ പ്രായത്തില് പോലും നിങ്ങള്ക്ക് ചെയ്യാന് കഴിയുന്നതെന്താണെന്ന് അച്ഛന് ചോദിക്കുകയും ചര്ച്ച ചെയ്യുകയും ചെയ്തിരുന്നു. റബ്ബര് ബോര്ഡില് ജോലി ചെയ്തിരുന്ന അച്ഛന് ജോലിയുടെ ഭാഗമായി ധാരാളം സഞ്ചരിക്കുമായിരുന്നു. യാത്രയില് കണ്ട കാഴ്ചകളെല്ലാം അദ്ദേഹം പറയും. ഒരു പുസ്തകം വായിക്കുന്ന പോലെ അതെല്ലാം കേട്ടിരിക്കും. അവയില് നിന്നെല്ലാം നാട്ടിലെ ചെറിയ പ്രശ്നങ്ങള് മനസിലാക്കാനും അവയില് ഇടപെട്ട് പ്രശ്നങ്ങള് പരിഹരിക്കാന് കഴിഞ്ഞാല് കുറച്ച് പേര്ക്ക് പ്രയോജനകരമാകും എന്ന ചിന്തയും ബോധ്യവും ഉണ്ടായി. പിന്നീട് സംരംഭങ്ങള് ആരംഭിക്കുമ്പോള് ഇത് ഏറെ പ്രയോജനകരമായി. ഒന്നിലധികം സംരംഭങ്ങളുടെ ആശയങ്ങള് വരുമ്പോള് അതില് ഏത് നടപ്പാക്കിയാല് കൂടുതല് പേര്ക്ക് പ്രയോജനപ്പെടും എന്ന് ചിന്തിക്കും.
ഇടപെടുന്നവരും കാര്യങ്ങള് ചര്ച്ച ചെയ്യുവരും സ്വാധീനിക്കാറുണ്ട്. പരിചയപ്പെടുന്ന ഓരോ വ്യക്തിയുമായും സൗഹൃദം കാത്തുസൂക്ഷിക്കും. ഓരോരുത്തരുടെയും പ്രശ്നങ്ങള് മനസിലാക്കാന് ശ്രമിക്കും. അവയ്ക്ക് എന്തെങ്കിലും ഒരു പരിഹാരം നിര്ദേശിക്കാന് നമുക്ക് കഴിയുന്നുണ്ടോ എന്ന് ചിന്തിക്കും. ചേക്കുട്ടി പാവ പോലുള്ള സംരംഭങ്ങള് പ്രശ്നത്തിനുള്ള പരിഹാരം തേടലില് നിന്നുണ്ടായതാണ്. നിരവധി നെയ്ത്തുകാരുമായി ഇടപെടുകയും അവരുടെ പ്രശ്നങ്ങള് മനസിലാക്കുകയും ചെയ്തു. പ്രളയത്തില് നശിച്ച നെയ്തുവെച്ചിരുന്ന തുണികള് കത്തിക്കാന് പോകുന്നുവെന്ന് കേട്ടപ്പോള് അവര്ക്കുണ്ടായ അതേ വേദന സ്വയം അനുഭവിച്ചു. ആ തുണികളുടെ ഓരോ ഇഞ്ചിലും അവരുടെ അധ്വാനം തിരിച്ചറിയാന് കഴിഞ്ഞു. ആ തുണികള് കത്തിക്കാതിരിക്കാനുള്ള ധാര്മ്മിക ഉത്തരവാദിത്തം ഒരു ഫാഷന് ഡിസൈനര് എന്ന നിലയില് എനിക്കുണ്ട് എന്ന് തോന്നി. പിന്നെ വഴി തനിയെ തുറന്നു കിട്ടി. അങ്ങനെയാണ് കൊച്ചു പാവക്കുട്ടികള് എന്ന ആശയത്തിലെത്തിയത്. തുണിയില് ചെളിയും കറയുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ അത് ജനങ്ങളോട് ആ രീതിയില് തന്നെ അവതരിപ്പിച്ചു. പ്രതീക്ഷിച്ചതിലുമപ്പുറം ചേക്കുട്ടി പാവയെ മലയാളികള് തുറന്ന മനസോടെ സ്വീകരിച്ചു. എല്ലാവരും സ്വന്തം വീട്ടിലെ കുട്ടികളേപ്പോലെ ചേക്കുട്ടി പാവയെ മനസിലേക്ക് ഏറ്റെടുത്തു. പലപ്പോഴും സാധാരണക്കാരുടെ ജീവിതത്തില് വലിയ ചലനം സൃഷ്ടിക്കാന് റോക്കറ്റ് സയന്സ് ഒന്നും വേണ്ട ഇത്തരം കൊച്ചുകാര്യങ്ങള് മതി എന്ന് തെളിയിക്കുന്നതായിരുന്നു ചേക്കുട്ടി പാവകള്. അമ്മൂമ്മത്തിരി എന്ന കൊച്ചുതിരിയെപ്പറ്റി സ്റ്റാര് പ്ലസില് അമിതാഭ് ബച്ചന് സംസാരിക്കുന്നു. വിത്ത് പേനയും ചേക്കുട്ടിയുമെല്ലാം ചെറിയ ചെറിയ കാര്യങ്ങളാണ്. കൊച്ചുബുദ്ധിയിലുദിക്കുന്ന ചെറിയ കാര്യങ്ങള്ക്കും വലിയ മാറ്റമുണ്ടാക്കാന് കഴിയുമെന്ന വലിയ തിരിച്ചറിവ് നേടാന് കഴിഞ്ഞു.
നൂതനാശയങ്ങളുടെ തുടക്കം?
2008 ല് അമേരിക്കയില് നിന്ന് കേരളത്തിലേക്ക് തിരിച്ചുവരുമ്പോള് കേരളത്തിലേക്കാണല്ലോ വരുന്നത് എന്നതായിരുന്നു ഏറ്റവും വലിയ സന്തോഷവും ആവേശവും. കാരണം ആഗ്രഹിക്കുന്ന പലതും ഇവിടെ ചെയ്യാന് സാധിക്കുമെന്നുറപ്പുണ്ടായിരുന്നു.
പ്രൊഫഷണലി ഇന്റീരിയര് ജ്വല്ലറി ഫാഷന് ഡിസൈനറാണ് ഞാന്.
നാട്ടില് വന്നശേഷമാണ് ചെറിയ ചെറിയ പ്രശ്നങ്ങളില് ഇടപെടുന്നതിനും അവ പരിഹരിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. ആദ്യ സംരംഭമായ അമ്മൂമ്മത്തിരിക്ക് തുടക്കം കുറിക്കുന്നത് അങ്ങനെയാണ്. എന്റെ അമ്മൂമ്മയ്ക്ക് ജോലികളൊക്കെ ചെയ്യാനുള്ള കഴിവ് കുറയുന്നതായി ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് അമ്മൂമ്മയെ എങ്ങനെ തിരികെ സജീവമാക്കി കൊണ്ടുവരാമെന്നുള്ള ആലോചനയില് നിന്നാണ് അമ്മൂമ്മത്തിരി എന്ന ആശയമുണ്ടാകുന്നത്. അത് പിന്നെ നിരവധി അമ്മൂമ്മമാരുടെ ജീവിതം മാറ്റി മറിക്കുന്നതിന് സഹായിച്ചു. അങ്ങനെയാണ് ഓരോ സംരംഭങ്ങളിലേക്കും കടക്കുന്നത്. അടുത്തത് വിത്തുപേന ആയിരുന്നു. ഒരു മരം വളരാവുന്ന ഒരു പേന എന്നതായിരുന്നു ആശയം. പേനയ്ക്കകത്ത് ഒരു വിത്ത് വെച്ച് പെന് വിത്ത് ലൗവ് എന്ന സംരംഭമാക്കി വികസിപ്പിച്ചു. കുറേ സ്ത്രീകള്ക്ക് ഒരു തൊഴിലും വരുമാനമാര്ഗവുമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംരംഭങ്ങളെല്ലാം നടപ്പാക്കിയത്. പ്രകൃതിയെ നോവിക്കാതെയാകണം ഈ സംരംഭങ്ങളെല്ലാം എന്നതാണ് ഡിഎന്എ. പ്യുവര് ലിവിംഗ് എന്ന സ്ഥാപനത്തിന്റെ കീഴിലാണ് ആശയങ്ങള് നടപ്പാക്കിയത്. ഇതില് പ്യുവര് (Pure) എന്നതുകൊണ്ട് പ്രൊഡക്ട്, അപ്സൈക്കില്, റീസൈക്കിള് ആന്ഡ് എക്ണോമൈസ്ഡ് (Product Upcycle Recycle and Economised) എന്നാണ് ഉദ്ദേശിക്കുന്നത്. ഈ ആശയം അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
മലയാളി എന്ന നിലയിലുള്ള അഭിമാനം?
ധാരാളം യാത്ര ചെയ്തും പുസ്തകങ്ങള് വായിച്ചും സിനിമ കണ്ടുമൊക്കെ വലിയ അനുഭവ സമ്പത്തുളളവരാണ് മലയാളികള്. വീട്ടുജോലിക്ക് വരുന്ന ചേച്ചിമാര് പോലും വലിയ അറിവുള്ളവരാണ്. ലോകത്തെക്കുറിച്ച് ധാരണയുള്ളവരാണ്. ഇത് കേരളത്തിന്റെ വലിയ പ്രത്യേകതയാണ്. എല്ലാ വിഭാഗം ജനങ്ങളോടും ആശയവിനിമയം അനായാസം സാധ്യമാക്കുന്നു. പരസ്പരം വലിയ അകലം തോന്നാറില്ല എന്നത് വലിയ പ്രത്യേകതയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച വ്യക്തി എന്ന നിലയില് കേരളത്തില് യാത്ര ചെയ്യുമ്പോള് വലിയ സ്വസ്ഥതയാണ് അനുഭവപ്പെടാറുള്ളത്. വൃത്തിയുടെ കാര്യത്തില് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. വേറൊരു സ്ഥലത്തേക്ക് പോകുമ്പോള് വലിയ സന്ദേഹമാണ്. മാലിന്യ സംസ്കരണത്തില് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാം മുന്നിലാണ്. കേരളത്തിലെ സര്ക്കാര് ആശുപത്രികളൊക്കെ നമ്മെ ആശ്ചര്യപ്പെടുത്തും.
പുതുതലമുറ?
കോളേജുകളില് പ്രത്യേകിച്ച് വനിതാ കോളേജുകളിലൊക്കെ സംസാരിക്കാന് പോകാറുണ്ട്. നല്ല രസമുള്ള ചോദ്യങ്ങളാണ് അവര് ചോദിക്കുക. ഉയരങ്ങളിലെത്താന് കഠിനാധ്വാനം ചെയ്യാനും അവര് തയാറാണ്. ഏതെല്ലാം കോഴ്സുകള് പഠിക്കണം. ആരെല്ലാമായി ഇടപെടണം ഇതൊക്കെ അറിയാന് ശ്രമിക്കും. ഇത് കേള്ക്കുമ്പോള് വലിയ പ്രതീക്ഷയാണ് തോന്നുക. മുന്നേറാനുള്ള ആഗ്രഹമുണ്ട് എന്നതു തന്നെ വലിയൊരു ചുവടുവെയ്പ്പിന്റെ സൂചനയാണ്. നാട്ടിലെ മറ്റു സ്ത്രീകളുടെ ശക്തിയും അവരെ പ്രചോദിപ്പിക്കുന്നുണ്ട്. സ്വപ്നങ്ങള് കൈയെത്തിപ്പിടിക്കാന് കഴിയുമെന്ന ഉറച്ച വിശ്വാസമാണവര്ക്കുള്ളത്.
സമൂഹത്തിന്റെ മനോഭാവം?
നല്ല ആശയത്തെ തുറന്ന മനസോടെ ഉള്ക്കൊള്ളാന് മലയാളികള്ക്ക് കഴിയുമെന്നതിനു തെളിവായിരുന്നു ചേക്കുട്ടി പാവകള്. കറയും ചെളിയുമെല്ലാമുള്ള ചേക്കുട്ടി പാവകളെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇവയെല്ലാം അടുത്ത ചുവടുവെയ്ക്കുന്നതിനുള്ള വലിയ ഊര്ജമാണ് നല്കുന്നത്. ഓരോ പ്രശ്നങ്ങളുടെയും ചെറിയ ചെറിയ പരിഹാരങ്ങളെ ജനം ഇരുകൈയ്യും നീട്ടി സ്വീകരിക്കും. ചേക്കുട്ടിക്ക് ശേഷം ഫ്രണ്ട്ഷിപ്പ് എന്ന പേരില് മത്സ്യത്തൊഴിലാളികള്ക്കായി ഇന്ഷുറന്സ് പദ്ധതി ആരംഭിച്ചു. 17000 ത്തിലധികം മത്സ്യത്തൊഴിലാളികള്ക്കുള്ള ഇന്ഷുറന്സ് പരിരക്ഷ ലഭ്യമാക്കാന് എല്ലാവരുടെയും കൂട്ടായ്മയിലൂടെ കഴിഞ്ഞു. എന്തും ചെയ്യാനുള്ള ധൈര്യമാണ് കേരളത്തിലെ ജനത തരുന്നത്.
വിദേശത്ത് ചെല്ലുമ്പോള് മലയാളി എന്ന നിലയില് ലഭിക്കുന്ന സ്വീകാര്യത?
വിദ്യാഭ്യാസം, ടൂറിസം, പരിസ്ഥിതി, കേരളത്തിലെ സ്റ്റാര്ട്ട് അപ്പ് എക്കോസിസ്റ്റം, ആരോഗ്യം എന്നിവയിലെല്ലാം കേരളം മുന്നിലാണ്. മറ്റു സ്ഥലങ്ങളിലൊക്കെ പോകുമ്പോള് കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലയാകാറുണ്ട്. രക്ഷിതാക്കളെ നാട്ടിലാക്കി വിദേശത്തേക്ക് പോകുന്നവര് കേരളത്തിലെ സുരക്ഷിതത്വ ബോധത്തെക്കുറിച്ച് ബോധവാന്മാരാണ്. അവര് സുരക്ഷിതരാണെന്നും സഹായിക്കാന് മനസ്ഥിതിയുള്ളവര് ചുറ്റുമുണ്ടെന്നുമുള്ള ബോധ്യമുണ്ട്. അത്തരം സന്ദര്ഭങ്ങളില് വലിയ അഭിമാനം തോന്നാറുണ്ട്. ഒരു പ്രശ്നമുണ്ടാകുമ്പോള് ആശാപ്രവര്ത്തകരില് നിന്നെല്ലാം വലിയ സഹായമാണ് ലഭിക്കുക.
ചൂലാല, പ്ലേസ് – ഭാവി സംരംഭങ്ങള്?
കാഴ്ച പരിമിതിയുള്ള സ്ത്രീകളുമായി സഹകരിച്ച് ചൂലാല എന്ന പദ്ധതി ഇപ്പോള് ചെയ്തുവരുന്നു. ചൂല് നിര്മ്മാണം എന്ന നിലയില് തുടങ്ങിയ പദ്ധതി ഇപ്പോള് ബ്രൈഡല് ആഭരണങ്ങളായും അലങ്കാര വസ്തുക്കളായും അവതരിപ്പിക്കുന്നു.
ഇത്തരം സംരംഭങ്ങളെയെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനായാണ് പ്യുവര് ലിവിംഗ് അവെന്യൂ ഫോര് ക്രിയേറ്റീവ് എന്ഗേജ്മെന്റ്സ് (Place) എന്ന ആശയം അവതരിപ്പിക്കുന്നത്. ബൗദ്ധികമായും ആശയപരമായും അവസരങ്ങള്ക്കുമുള്ള വിടവ് നികത്തുന്നതിനുള്ള പരസ്പര വിനിമയ കേന്ദ്രം എന്ന നിലയില് ഇതിനെ മാറ്റുകയാണ് ലക്ഷ്യം. നൈപുണ്യ വികസനത്തിന്റെ വേദിയാക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്നു. ക്രിയേറ്റീവ് ഇടപെടലിനുള്ള വേദി കൂടിയാണിത്. ചൂലാലയ്ക്ക് വിവിധ കോണുകളില് നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. അലങ്കാര വസ്തുക്കളായും എംബ്രോയ്ഡറിയായും നിരവധി പേര് ഉത്പന്നങ്ങള് വാങ്ങുന്നു. സ്വന്തം സാമ്പത്തിക ലാഭത്തിനപ്പുറം സ്ത്രീകളുടെയും സമൂഹത്തിന്റെ പിന്നിരയിലേക്ക് ഒതുങ്ങിപ്പോകുന്നവരുടെയും ജീവിതത്തില് സ്വയം പര്യാപ്തതയുടെ വിത്ത് വിതയ്ക്കുകയാണ് ലക്ഷ്മി തന്റെ സംരംഭങ്ങളിലൂടെ.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]