ഡെങ്കിപ്പനിക്കെതിരെ മലപ്പുറം ജില്ലക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ഡെങ്കിപ്പനിക്കെതിരെ മലപ്പുറം ജില്ലക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയില്‍ കൊതുകുജന്യ രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഡെങ്കിപ്പനി മൂലം ഏപ്രില്‍ മാസത്തില്‍ കുഴിമണ്ണ പഞ്ചായത്തിലും ജൂണ്‍ മാസത്തില്‍ കാവനൂര്‍ പഞ്ചായത്തിലും ഓരോ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2023 മെയ് മാസം മുതല്‍ ഇന്നുവരെ ജില്ലയില്‍ സ്ഥിരീകരിച്ച 1066 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 1533 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വണ്ടൂര്‍, മേലാറ്റൂര്‍ എന്നീ ആരോഗ്യ ബ്ലോക്കുകളിലാണ്. മലപ്പുറം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് നടത്തിയ ഫീല്‍ഡ് തല പരിശോധനയില്‍ ജില്ലയില്‍ കൊതുക് പെറ്റുപെരുകുന്നതിനുള്ള സാധ്യതകള്‍ കൂടുതലുള്ളത് അഞ്ച് നഗരസഭാ പ്രദേശങ്ങളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. താനൂര്‍, തിരൂര്‍, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ നഗരസഭാ പ്രദേശങ്ങളിലാണ് കൊതുകിന്റെ സാന്ദ്രത ഏറ്റവും കൂടുതലായി കണ്ടെത്തിയത്. ഈ സ്ഥലങ്ങളില്‍ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

കൂടാതെ ജില്ലയിലെ വിവിധ നഗരസഭകളിലായി 41 വാര്‍ഡുകളിലെ വീടുകളില്‍ കൊതുകിന്റെ കൂത്താടികള്‍ വളരുന്ന സാഹചര്യം കണ്ടെത്തിയതായും കൊതുകിന്റെ സാന്ദ്രത കൂടുതലാണെന്നും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് നടത്തിയ ഫീല്‍ഡ് തല പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പൊതുജനങ്ങള്‍ ഉറവിട നശീകരണം വഴി കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതും കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുകയും ചെയ്യണം. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിനായി വെള്ളിയാഴ്ച ദിവസങ്ങളില്‍ സ്‌കൂളുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ ഓഫീസ് സ്ഥാപനങ്ങളിലും ഞായറാഴ്ച ദിവസങ്ങളില്‍ വീടുകളിലും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-

* കൊതുക് പെറ്റുപെരുകാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ ഇല്ലാതാക്കലാണ് പ്രധാനമായും നടത്തേണ്ടത്.

* വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യുകയും കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം.

* മഴയെ തുടര്‍ന്ന് വീടുകളുടെ ചുറ്റുപാടും അടിഞ്ഞ് കുടിയിട്ടുള്ള കുപ്പികള്‍, ഉപയോഗശൂന്യമായ പാത്രങ്ങള്‍, ബോട്ടിലുകള്‍, ടയറുകള്‍ എന്നിവയെല്ലാം നീക്കം ചെയ്യണം.

* ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിനു പുറകിലുള്ള ട്രേ തുടങ്ങിയവയിലെ വെള്ളം നീക്കം ചെയ്യണം.

* റബ്ബര്‍ തോട്ടങ്ങളിലുള്ള ചിരട്ടകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ചുകളഞ്ഞ് കമഴ്ത്തിവക്കണം.

* കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും എല്ലാ വീടുകളിലും നടത്തണം.

* സെപ്റ്റിക് ടാങ്കുമായി ബന്ധിച്ചിട്ടുള്ള വേസ്റ്റ് പൈപ്പിന്റെ അറ്റം കൊതുകുവല ഉപയോഗിച്ച് മുടണം.

* കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകുകടിയില്‍ നിന്നും രക്ഷതേടണം

 

Sharing is caring!