എം.ടിക്ക് ആദരവായി ‘ഓളവും തീരവും’ പുനരുദ്ധരിച്ച പതിപ്പിന്റെ ആദ്യ പ്രദര്‍ശനം തുഞ്ചൻ പറമ്പിൽ നടത്തി

എം.ടിക്ക് ആദരവായി ‘ഓളവും തീരവും’ പുനരുദ്ധരിച്ച പതിപ്പിന്റെ ആദ്യ പ്രദര്‍ശനം തുഞ്ചൻ പറമ്പിൽ നടത്തി

തിരൂർ: തുഞ്ചന്‍ പറമ്പില്‍ നിറഞ്ഞുകവിഞ്ഞ് ഓളമുയര്‍ത്തിയ പ്രേക്ഷകര്‍ക്കു മുന്നില്‍, എം.ടി വാസുദേവന്‍ നായരുടെ സാന്നിധ്യത്തില്‍ ‘ഓളവും തീരവും’ എന്ന ക്‌ളാസിക് ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പ് പ്രദര്‍ശിപ്പിച്ചു. ദൃശ്യങ്ങള്‍ക്കും ശബ്ദത്തിനും കൂടുതല്‍ മിഴിവ് പകര്‍ന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ ചെയ്ത ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം എം.ടി ഉദ്ഘാടനം ചെയ്തു. തന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളില്‍ ഒന്നാണ് ‘ഓളവും തീരവും’ എന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഈയവസരത്തില്‍ ഓര്‍ക്കുന്നുവെന്നും ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് ഒരുക്കിയ ചലച്ചിത്ര അക്കാദമിക്ക് നന്ദി പറയുന്നുവെന്നും എം.ടി ഹ്രസ്വമായ ഉദ്ഘാടന പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു. ആദ്യപ്രദര്‍ശനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സന്നിഹിതനായിരുന്നു.

മലയാള സിനിമയെ ആദ്യമായി വാതില്‍പ്പുറങ്ങളിലേക്കു കൊണ്ടുപോയ ചിത്രം, നവതരംഗത്തിന് അടിത്തറ പാകിയ ചിത്രം എന്നീ നിലകളില്‍ ചലച്ചിത്ര ചരിത്രത്തില്‍ നിര്‍ണായപ്രാധാന്യമുള്ള ‘ഓളവും തീരവും’ അക്കാദമിയുടെ ഡിജിറ്റല്‍ റെസ്റ്ററേഷന്‍ പദ്ധതിയിലെ ആദ്യസംരംഭമാണെന്ന് ചടങ്ങില്‍ സ്വാഗതഭാഷണം നടത്തിയ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പറഞ്ഞു. എം.ടിയുടെ സാന്നിധ്യത്തില്‍ പുനരുദ്ധരിച്ച പതിപ്പിന്റെ ആദ്യപ്രദര്‍ശനം നടത്താന്‍ കഴിഞ്ഞത് അക്കാദമിക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാല കലോൽസവത്തിന്റെ പേരിൽ എസ് എഫ് ഐ സാമ്പത്തിക കട്ടിപ്പ് നടത്തുന്നതായി എം എസ് എഫ്
തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി.നന്ദകുമാര്‍ എം.എല്‍.എ ചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്ര നിരൂപകന്‍ പി.കെ ശ്യാംകൃഷ്ണന്‍ സിനിമയ്ക്ക് ആമുഖഭാഷണം നടത്തി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ മധുവിന്റെ ആശംസാ വീഡിയോ പ്രദര്‍ശിപ്പിച്ചു.
നവതി ആഘോഷിക്കുന്ന എം.ടി വാസുദേവന്‍ നായര്‍ക്കുള്ള ആദരവായി സാംസ്‌കാരിക വകുപ്പും തുഞ്ചന്‍ സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സാദരം എം.ടി ഉല്‍സവ’ത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം ഒരുക്കിയത്. ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി ഇതിനകം മൂന്നു ചിത്രങ്ങളുടെ പുനരുദ്ധാരണം (ഡിജിറ്റല്‍ റെസ്റ്ററേഷന്‍) പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജി.അരവിന്ദന്റെ ‘വാസ്തുഹാര’, കെ.ജി ജോര്‍ജിന്റെ ‘യവനിക’ എന്നിവയാണ് പുനരുദ്ധരിച്ച മറ്റു ചിത്രങ്ങള്‍.

സിഫ്ര സന്ദര്‍ശനവേളയില്‍ ചലച്ചിത്രപൈതൃകസംരക്ഷണത്തിനായി ഫണ്ട് അനുവദിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സിനിമകളുടെ റെസ്റ്ററേഷന്‍ നടപടികള്‍ ആരംഭിച്ചതും മൂന്നു ചിത്രങ്ങളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയതും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഓടയില്‍നിന്ന്, കാവ്യമേള, ഭൂതക്കണ്ണാടി, ഓര്‍മ്മകളുണ്ടായിരിക്കണം എന്നീ ചിത്രങ്ങളുടെ റെസ്റ്ററേഷനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയുടെ ശേഖരത്തിലുള്ള 106 സിനിമകളില്‍ 19 സിനിമകളുടെ ഡിജിറ്റൈസേഷന്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ചെന്നൈയിലെ പ്രസാദ് കോര്‍പ്പറേഷനാണ് സിനിമകളുടെ ഡിജിറ്റൈസേഷനും റെസ്റ്ററേഷനും നടത്തുന്നത്. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 101 സിനിമകള്‍ ചലച്ചിത്ര അക്കാദമി ഏറ്റെടുത്ത് ഡിജിറ്റൈസേഷനും റെസ്റ്ററേഷനും നടത്തുന്നതിന് വകുപ്പ് തലത്തില്‍ ധാരണയായിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫിലിം റിസേര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സില്‍ പഴയകാല മലയാള സിനിമകളുടെ പോസ്റ്ററുകള്‍, നോട്ടീസുകള്‍, പാട്ടുപുസ്തകങ്ങള്‍, ഫോട്ടോകള്‍ എന്നിവ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.

Sharing is caring!