എം.ടി മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച എഴുത്തുകാരനെന്ന് മുഖ്യമന്ത്രി സാദരം എം.ടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരൂർ: താൻ ജീവിച്ച കാലത്തെ സൂക്ഷ്മമായി നോക്കിക്കാണുകയും വൈകാരികമായി പ്രതിഫലിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് എം.ടി വാസുദേവൻനായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂർ തുഞ്ചൻ പറമ്പിൽ സംഘടിപ്പിച്ച സാദരം എം.ടി ഉത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം ഒരു പരിവർത്തനത്തിലൂടെ കടന്നുപോകുന്ന കാലത്തിലാണ് എം.ടി ജീവിച്ചത്. ഫ്യൂഡലിസത്തിന്റെ തകർച്ച ഉൾപ്പെടെ നാട്ടിലുണ്ടായ മഹാപരിവർത്തനങ്ങളെ അദ്ദേഹത്തിന്റെ കൃതികൾ പ്രതിഫലിപ്പിച്ചു. നവോത്ഥാന ആശയങ്ങളും ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റ് ആശയങ്ങളും ഇക്കാര്യത്തിൽ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാവാം. വിദ്വേഷരാഷ്ട്രീയത്തിന്റെ പുതിയ കാലത്ത് എം.ടി തന്റെ രചനകളിൽ ഉയർത്തിപ്പിടിച്ച മതേതരമൂല്യങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുക്കളും മുസ്ലിംകളും കേരളത്തിൽ പണ്ടുമുതലേ ശത്രുക്കളായിരുന്നുവെന്ന് പ്രചരിപ്പിക്കാനാണ് ചിലരുടെ ശ്രമം. എന്നാൽ അതങ്ങനെയല്ല എന്ന് തെളിയിക്കുന്നതാണ് എം.ടിയുടെ കൃതികൾ. തുഞ്ചൻ സ്മാരകത്തെ മതേതരവും ജനകീയവുമാക്കി നിലനിർത്താൻ കഴിഞ്ഞതും എം.ടിയുടെ ഈ കാഴ്ചപ്പാടുകൊണ്ടാണ്. അതിനദ്ദേഹത്തിന് പലതരം ചെറുത്തുനിൽപ്പുകൾ ആവശ്യമായി വന്നിട്ടുണ്ട്. സാംസ്‌കാരികപ്രവർത്തനം എങ്ങനെയാവണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് തുഞ്ചൻ സ്മാരകത്തിലൂടെ എം.ടി നൽകിയത്. തുഞ്ചൻ സ്മാരക ട്രിസ്റ്റിനും ഗവേഷണ കേന്ദ്രത്തിനും കലവറയില്ലാത്ത പിന്തുണ നൽകാൻ സർക്കാർ തയ്യാറായിട്ടുണ്ട്. ഒരുരൂപപോലും പാഴായിപ്പോകില്ലെന്നും കിട്ടുന്ന പണത്തെ ഒന്നുകൂടി പൊലിപ്പിക്കാനേ എം.ടി ശ്രമിക്കൂ എന്നും തനിക്ക് ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
തനിക്ക് കിട്ടിയതും ഇനി കിട്ടാനിരിക്കുന്നതുമായ എല്ലാ പുരസ്‌കാരങ്ങളും എം.ടിയുടെ കാൽക്കീഴിൽ ഗുരുദക്ഷിണയായി സമർപ്പിക്കുന്നുവെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ നടൻ മമ്മൂട്ടി പറഞ്ഞു. എം.ടിയില്ലാതെ മലയാളഭാഷയില്ല. ഭാഷയുള്ള കാലം എം.ടി നിലനിൽക്കും. മലയാളികൾ സിനിമയിൽ കണ്ട കഥാപാത്രങ്ങൾ മാത്രമല്ല, എം.ടിയുടെ എത്രയോ കഥാപാത്രങ്ങളെ താൻ ആരുമറിയാതെ സ്വപ്‌നത്തിലൂടെ പുനരാവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇനിയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന് മോഹമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. തന്നിലെ നടനെ പരിപോഷിപ്പിക്കുന്നതിൽ എം.ടിയുടെ കഥാപാത്രങ്ങൾക്ക് വലിയ പങ്കുണ്ട്. ചേട്ടനോ പിതാവോ സുഹൃത്തോ ആരാധകനോ അങ്ങിനെ ഏത് തരത്തിലും തനിക്ക് എം.ടിയെ സമീപിക്കാമെന്നും മമ്മൂട്ടി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി. നന്ദകുമാർ എം.എൽ.എ, എഴുത്തുകാരൻ സി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]