മഞ്ചേരി മെഡിക്കൽ കോളേജിലെ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു

മഞ്ചേരി മെഡിക്കൽ കോളേജിലെ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു

മഞ്ചേരി: ഗവ. മെഡിക്കൽ കോളേജിൽ എം.ആർ.ഐ യൂണിറ്റ് സ്ഥാപിക്കാൻ 11.17 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ നിർമാണം പൂർത്തിയായ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എം.ആർ.ഐ യൂണിറ്റ് സ്ഥാപിക്കാൻ മുമ്പ് 7.17 കോടി രൂപ അനുവദിച്ചിരുന്നു. ഇത് തികയാതെ വരുന്നതിനാലാണ് അധികമായി നാല് കോടി രൂപ കൂടി അനുവദിക്കുന്നത്.

1,78,50,000 രൂപ ചെലവഴിച്ച് നവീകരിച്ച കാഷ്വാലിറ്റി, 1,20,08,000 രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ റാമ്പ്, 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, 2.65 കോടി രൂപ ചെലവഴിച്ച് നവീകരിച്ച പീഡിയാട്രിക് കെയർ, 84.48 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കാന്റീൻ ഫസ്റ്റ് ഫ്‌ലോർ എന്നീ പദ്ധതികളാണ് മന്ത്രി നാടിന് സമർപ്പിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
ആധുനികവത്കരിക്കപ്പെട്ട കാഷ്വാലിറ്റി സംവിധാനം ഏർപ്പെടുത്തുക വഴി അടിയന്തര ചികിത്സ കൂടുതൽ ഫലപ്രദമാക്കാാനും എ, സി ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റാമ്പ് യാഥാർത്ഥ്യമായതോടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവനക്കാരുടെയും സഞ്ചാരം കൂടുതൽ സൗകര്യപ്രഥമാക്കാനും പീഡിയാട്രിക് വാർഡിൽ എച്ച്.ഡി.യു ആരംഭിക്കുന്നതോടെ കൂടുതൽ കുട്ടികൾക്ക് മെച്ചപ്പെട്ടതും ആധുനികവുമായി ചികിത്സ നൽകാനും സാധിക്കും. മലിനജല സംസ്‌കരണ പദ്ധതികൾ സ്ഥാപിച്ചതിലൂടെ മലിന ജലത്തിന്റെ പുനരുപയോഗം സാധ്യമാക്കി പരിസരം മലിനീകരണം തടയാൻ കഴിയും.

മെഡിക്കൽ കോളേജ് വികസന പ്രവർത്തനങ്ങൾക്ക് സൗജന്യമായി ഭൂമി നൽകാൻ സന്നദ്ധത അറിയിച്ചിട്ടുള്ള വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ച് സമഗ്ര പഠനം നടത്തി തീരുമാനമെടുക്കും. മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾക്ക് നിരന്തരമായി പ്ലാൻ ഫണ്ട് ഉപയോഗിക്കുന്നതിനാൽ വരുന്ന സാങ്കേതിക പ്രശ്‌നങ്ങൾ മറികടക്കാനും കിഫ്ബി ഫണ്ട് ലഭ്യമാക്കി മെഡിക്കൽ കോളജിന്റെ പ്രവർത്തനം പൂർണ സജ്ജമാക്കുന്നതിനും ആക്ഷൻ പ്ലാൻ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നഴ്‌സിങ് കോളജിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. ഈ അധ്യയന വർഷം തന്നെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തുമെന്നും മന്ത്രി പറഞ്ഞു. അക്കാദമിക നിലവാരത്തിൽ ഏറെ മികവ് പുലർത്തുന്ന വിദ്യാർഥികൾ അവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും വനിതാ ഹോസ്റ്റൽ അടക്കമുള്ള പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹരിക്കുമെന്നും മന്ത്രി വിദ്യാർഥികൾക്ക് ഉറപ്പ് നൽകി. ജില്ലയിലെ ജനങ്ങളുടെ നിരന്തര ആവശ്യമായ രാത്രികാലങ്ങളിലും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. മെഡിക്കൽ കോളജിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും അനുവദിച്ചു.

അഡ്വ. യു.എ ലത്തീഫ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, നഗരസഭാ അധ്യക്ഷ വി എം സുബൈദ, കൗൺസിലർമാരായ അഡ്വ. പ്രേമ രാജിവ്, ഷെറീന ജവഹർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ഡി.എം.ഒ ഡോ. ആർ രേണുക, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഗീതാ രവീന്ദ്രൻ, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ്, പൊതുമരാമത്ത് ബിൽഡിംഗ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. മുഹമ്മദ് ഇസ്മായിൽ, ആശുപത്രി സൂപ്രണ്ട് ഡോ. മൊയ്തീൻ ഷാ തുടങ്ങിയവർ പങ്കെടുത്തു.

Sharing is caring!