പൊന്നാനി തുറമുഖം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു, ഡി പി ആർ കൈമാറി

പൊന്നാനി തുറമുഖം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു, ഡി പി ആർ കൈമാറി

പൊന്നാനി: തുറമുഖത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ തുറമുഖം നിർമിക്കുന്നന്റെ സമഗ്രമായ രൂപരേഖ തയ്യാറായി. പൊന്നാനിയിൽ നിർമിക്കാനുദ്ദേശിക്കുന്ന മൾട്ടിപർപ്പസ് വാർഫിന്റെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) പി. നന്ദകുമാർ എം.എൽ.എയുടെ സാന്നിധ്യത്തിൽ കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ളയ്ക്ക് കൈമാറി. പഴയ ജങ്കാർ ജെട്ടിക്ക് സമീപമാണ് മൾട്ടിപർപ്പസ് പോർട്ട് നിർമിക്കുക. 90 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മൂന്നു ഘട്ടങ്ങളിലായി പൂർത്തിയാക്കും.

വിഴിഞ്ഞം തുറമുഖം വരുന്നതോടുകൂടി കേരളത്തിൽ ചെറു കപ്പലുകൾ ധാരാളമായി വേണ്ടിവരുമെന്നും അത്തരത്തിലുള്ള വികസനം മുന്നിൽക്കണ്ടാണ് പൊന്നാനി തുറമുഖം യാഥാർത്ഥ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചതെന്നും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. ക്രൂയിസ് ടൂറിസം രംഗത്തും പൊന്നാനിക്ക് നിർണായകമായ സ്ഥാനമുണ്ട്. ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ക്രൂയിസ് ടൂറിസം പദ്ധതിയിൽ പൊന്നാനി തുറമുഖത്തെയും പരിഗണിക്കുന്നതിനാൽ ലക്ഷദ്വീപിലേക്കുൾപ്പെടെയുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനോടൊപ്പം ടൂറിസവും വികസിപ്പിക്കാനാണ് തുറമുഖ നിർമാണം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

കേരള മാരിടൈം ബോർഡിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റ് ചീഫ് എൻജിനീയർ ജോമോൻ, കേരള മാരിടൈം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടി പി സലിംകുമാർ, പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റ് സൂപ്രണ്ട് എൻജിനീയർ അൻസാരി എന്നിവർ സംബന്ധിച്ചു.

Sharing is caring!