വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരം-തിരൂർ യാത്രയിൽ ജനശതാബ്ദിയേക്കാൾ ലാഭിക്കാനാവുക 25 മിനുറ്റ് മാത്രം

വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരം-തിരൂർ യാത്രയിൽ ജനശതാബ്ദിയേക്കാൾ ലാഭിക്കാനാവുക 25 മിനുറ്റ് മാത്രം

തിരൂർ: വന്ദേഭാരത് എക്സ്പ്രസ് വരുന്നതോടെ തിരുവനന്തപുരത്തു നിന്നും തിരൂരിലേക്ക് നിലവിൽ ലഭ്യമായ കുറഞ്ഞ യാത്രാ സമയത്തിൽ നിന്നും അധികം വ്യത്യാസം ഉണ്ടാകാനിടയില്ല. ആലപ്പുഴ വഴിയുള്ള ജനശതാബ്ദി എക്സ്പ്രസ് എടുക്കുന്ന സമയത്തേക്കാൾ 25 മിനുറ്റോളം വ്യത്യാസം മാത്രമേ ട്രയൽ റൺ കണക്കാക്കിയാൽ ഉണ്ടാകാനിടയുള്ളു. തിരുവനന്തപുരം-കണ്ണൂർ ട്രയൽ റണ്ണിന്റെ ഭാ​ഗമായി ഇന്ന് തിരൂരിലെത്തിയ ട്രെയിന് വ്യാപാരികളും, ബി ജെ പി പ്രവർത്തകരും, പൊതുജനങ്ങളും വൻ സ്വീകരണമാണ് നൽകിയത്.

രാവിലെ 5.10ന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ട്രെയിൻ 5.30 മണിക്കൂറോളമെടുത്ത് 10.45ഓടെയാണ് തിരൂരിലെത്തിയത്. രാവിലെ 5.55ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ജനശതാബ്ദിയേക്കാൾ 25 മിനുറ്റ് സമയം മാത്രം ലാഭിച്ചാണ് വന്ദേഭാരത് തിരൂരിലെത്തിയത്. എന്നാൽ കോട്ടയം വഴിയുള്ള ജനശതാബ്ദി എടുക്കുന്നതിനേക്കാൾ ഒന്നര മണിക്കൂറോളം സമയം വന്ദേഭാരതിൽ വരികയാണെങ്കിൽ ലാഭിക്കുവാനും സാധിക്കും. പകൽ സമയത്തോടുന്ന മറ്റ് ട്രെയിനുകൾ 8-8.45 മണിക്കൂറോളമാണ് എടുക്കുന്നത് എന്നത് നോക്കുമ്പോൾ വന്ദേഭാരതിലെ യാത്ര വളരെയധികം സമയ നഷ്ടം ഒഴിവാക്കുന്നതാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മലപ്പുറത്തിന് കേന്ദ്ര സർക്കാർ നൽകിയ പെരുന്നാൾ സമ്മാനമാണ് തിരൂരിലെ വന്ദേഭാരതിന്റെ സ്റ്റോപ്പെന്ന് ബി ജെ പി നേതാവ് വി ഉണ്ണികൃഷ്ണൻ പറഞ്ഞു. മലപ്പുറം ജില്ലയ്ക്ക് കേന്ദ്ര സർക്കാർ വലിയ പരി​ഗണന നൽകുന്നുവെന്നതിന്റെ തെളിവ് കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരൂരിലെ യാത്രാ ക്ലേശത്തിന് ഒരുപരിധി വരെ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതോടെ പരിഹാരമാകുമെന്ന് തിരൂർ ചേംബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറി ടി പി അബ്ദുറഹിമാൻ പറഞ്ഞു.

Sharing is caring!