പദ്ധതി ചെലവിൽ നൂറു ശതമാനവും വിനിയോ​ഗിച്ച് ജില്ലയ്ക്ക് അഭിമാനമായി വേങ്ങര പഞ്ചായത്ത്

പദ്ധതി ചെലവിൽ നൂറു ശതമാനവും വിനിയോ​ഗിച്ച് ജില്ലയ്ക്ക് അഭിമാനമായി വേങ്ങര പഞ്ചായത്ത്

വേങ്ങര: പദ്ധതി ചെലവിൽ നൂറ് ശതമാനം വിനിയോഗിച്ച് വേങ്ങര ഗ്രാമപഞ്ചായത്തിന് ചരിത്ര നേട്ടം. സംസ്ഥാനത്ത് 16-ാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവുമാണ് വേങ്ങര പഞ്ചായത്തിന്. 2022-23 സാമ്പത്തിക വർഷത്തിൽ ആകെ പദ്ധതി വിഹിതമായി ലഭിച്ചത് 4.60 കോടി രൂപയാണ്. ഇതിൽ നിന്നും ഉത്പാദന മേഖലകളായ കാർഷിക, മൃഗ സംരക്ഷണ മേഖലകളിൽ 74 ലക്ഷം രൂപയും ആരോഗ്യമേഖലയിൽ 30 ലക്ഷം രൂപയും സാമൂഹ്യക്ഷേമത്തിനായി 78 ലക്ഷം രൂപയും മാലിന്യ ശുചിത്വ സംവിധാനങ്ങൾക്കായി 36 ലക്ഷം രൂപയും പാർപ്പിട മേഖലയിൽ 1.06 കോടി രൂപയും പശ്ചാത്തല സൗകര്യങ്ങൾക്കായി 21 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയിൽ 30 ലക്ഷം രൂപയും സേവന മേഖലയിൽ 85 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.

സാമ്പത്തിക വർഷത്തിൽ വസ്തു നികുതി ആകെ ലഭിക്കാനുള്ള 1.4 കോടി രൂപയിൽ 1.35 കോടി രൂപ പിരിച്ചെടുത്തു. 14 വാർഡുകൾ നൂറ് ശതമാനം നികുതി പിരിവ് കൈവരിച്ചു. ക്ലർക്കുമാരായ ടി. മനോജ്, ഒ. ശിഹാബ് എന്നിവർക്ക് നിശ്ചയിച്ച് നൽകിയ മുഴുവൻ വാർഡുകളിലും നൂറ് ശതമാനം നികുതി പിരിച്ചെടുത്തിട്ടുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, ഒമ്പത്, 12, 13, 14, 15, 16, 17, 18, 19 ,22 വാർഡുകളാണ് നൂറ് ശതമാനം പൂർത്തീകരിച്ചത്.

മിക്ക ബ്ലോക്കുകളും അനുവദിച്ച തുക നഷ്ടപ്പെടാതിരിക്കാൻ നെട്ടോട്ടമോടുമ്പോഴാണ് സാമ്പത്തിക വർഷം അവസാനിക്കാൻ ഏകദേശം ഒരാഴ്ച ബാക്കിയുള്ളപ്പോൾ തന്നെ വേങ്ങര പഞ്ചായത്ത് ഫണ്ട് വിനിയോഗം പൂർത്തിയാക്കിയിരുന്നു. ഭരണസമിതിയുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കാനായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ പറഞ്ഞു.

Sharing is caring!