ജല്‍ ജീവന് മിഷന് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും, ജില്ലാതല ജല ശുചിത്വ മിഷന് യോഗം

മലപ്പുറം: ജല്‍ ജീവന് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജല ശുചിത്വ മിഷന് യോഗം തീരുമാനിച്ചു. ജില്ലയില്‍ 787512 ഗ്രാമീണ വീടുകളാണ് നിലവിലുള്ളത്. ഇതില്‍ ജല്‍ ജീവന് മിഷന് പദ്ധതി നിലവില്‍ വന്ന ശേഷം 1,77,225 കണക്ഷനുകൾ നല്‍കിയതായും 476711 ജല കണക്ഷനുകള്‍ കൂടി നല്‍കാനുള്ളതായും വാട്ടര്‍ അതോറിറ്റി മലപ്പുറം ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ടി.എന്‍ ജയകൃഷ്ണന് യോഗത്തില്‍ അറിയിച്ചു. പദ്ധതിക്ക് മുമ്പായി 143576 കണക്ഷനുകളും വിവിധ പദ്ധതികളിലായി നല്‍കിയിരുന്നു. ജീവന് മിഷന് പദ്ധതികള്‍ക്ക് വേണ്ടി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് റോഡ് കട്ടിങ് അനുമതിക്കായി വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ച അപേക്ഷകളില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അതത് വകുപ്പുകളോട് ആവശ്യപ്പെട്ടു. പദ്ധതിക്കായി പോരൂര്‍ പഞ്ചായത്തില്‍ 40 സെന്റ് സര്‍ക്കാര്‍ ഭൂമിയും 18 പഞ്ചായത്തുകളിലായി 804 സെന്റ് സ്വകാര്യ ഭൂമിയുമാണ് ഇനിയും ആവശ്യമുള്ളത്. ഇത് ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തും. 2024 ഓടെ എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷന് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷന് പ്രതിനിധി അബ്ദുല്‍ കലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രതിനിധി അഡ്വ.. അബ്ദുറഹിമാന് കാരാട്ട്, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും