മലപ്പുറത്തെ പ്രവാസി യുവാവിന്റെ ആത്മഹത്യ, പലിശക്കാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഭാര്യ

മലപ്പുറത്തെ പ്രവാസി യുവാവിന്റെ ആത്മഹത്യ, പലിശക്കാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഭാര്യ

മനാമ: ആത്മഹത്യ ചെയ്ത മലപ്പുറത്തെ പ്രവാസി യുവാവി​ന്റെ മരണത്തിൽ പരാതിയുമായി ഭാര്യ രം​ഗത്ത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബഹ്റൈനിലെ ഹമലിയിലുള്ള താമസസ്ഥലത്ത് തൂങ്ങി മരിച്ച പള്ളിക്കൽ ചേലപ്പുറത്ത് വീട്ടിൽ രാജീവന്റെ (40) മരണത്തിലാണ് പരാതി. ഭാര്യ പി.എം സിജിഷയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവാവ് കൊള്ളപ്പലിശക്കാരുടെ കെണിയിൽ അകപ്പെട്ടിരുന്നുവെന്ന് വ്യക്തമാവുന്ന ശബ്ദരേഖകൾ ലഭിച്ചതായി ഭാര്യ പി എം സജിഷ വെളിപ്പെടുത്തി.

മദീനത്ത് ഹമദിൽ ജോലി ചെയ്തിരുന്ന തിരൂർ സ്വദേശിയിൽ നിന്നും രാജീവൻ പണം കടം വാങ്ങിയിരുന്നു. ഇതേ തുടർന്നുള്ള മാനസിക സംഘർഷങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പലിശയ്ക്ക് പണം നൽകിയ ആൾക്കും, ഒരു ബന്ധുവിനും വാട്സാപ്പിൽ ശബ്ദ സന്ദേശം അയച്ച ശേഷമാണ് രാജീവൻ ജീവനൊടുക്കിയത്.

പലിശയായി കൂടുതൽ പണം നൽകിയില്ലെങ്കിൽ പണം നൽകിയ വ്യക്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി രാജീവൻ ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു. തന്റെ മരണത്തിന് ഇയാൾ മാത്രമായിരിക്കും ഉത്തരവാദിയെന്നും രാജീവൻ പറഞ്ഞിരുന്നു. തന്റെ മക്കൾ തിന്നേണ്ട പൈസയാണ് നിങ്ങളെടുത്തത്. വാങ്ങിയതിലും എത്രയോ ഇരട്ടി തന്നിട്ടും പലിശക്കാരൻ പറ്റിച്ചുവെന്നും രാജീവൻ പറയുന്നു. ഞാൻ മരിച്ചാലെങ്കിലും എന്റെ പൈസ നിങ്ങൾ എന്റെ കുടുംബത്തിന് നൽകണം. അല്ലെങ്കിൽ നിങ്ങളും നിങ്ങളുടെ മക്കളും അതും തിന്നോളൂവെന്നും ശബ്ദ സന്ദേശത്തിൽ വേദനയോടെ പറയുന്നു.

വാങ്ങിയ പൈസയുടെ എത്രയോ ഇരട്ടി പലപ്പോഴായി കൊടുത്തു തീർത്തിട്ടും വീണ്ടും പണം ചോദിച്ച് പലിശക്കാരൻ ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ മാനസിക സമ്മർദത്തിൽ ആത്മഹത്യ ചെയ്‍തതാണെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇതിന്റെ തെളിവുകളും പരാതിക്കൊപ്പമുണ്ട്. കോവിഡ് കാലത്തെ പ്രതിസന്ധി മൂലമാണ് രാജീവൻ പണം കടം വാങ്ങിയത്. ആ സമയത്ത് വെള്ള പേപ്പറിൽ ഒപ്പിട്ട് നൽകിയിരുന്നു. ഇത് കാണിച്ചായിരുന്നു ഭീഷണി. അമ്മയുടെ കെട്ട് താലിയും, ഭാര്യയുടെ ആഭരണങ്ങളും അടക്കം വിറ്റും, പണയം വെച്ചും പണം നൽകിയിട്ടും പിന്നെയും ഭീഷണി തുടർന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, നോർക്ക സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്‍തവ തുടങ്ങിയവർക്കാണ് പരാതി നൽകിയിരിക്കുന്നത്. നാലും ഒൻപതും വയസുള്ള രണ്ട് മക്കളും 76 വയസുള്ള പിതാവും 67 വയസുള്ള മാതാവും അടങ്ങിയതാണ് രാജീവന്റെ കുടുംബം.

Sharing is caring!