റാസൽഖൈമയിൽ വാഹനാപകടത്തിൽ മലപ്പുറത്തെ 25കാരൻ മരിച്ചു

റാസൽഖൈമയിൽ വാഹനാപകടത്തിൽ മലപ്പുറത്തെ 25കാരൻ മരിച്ചു

മലപ്പുറം: വിനോദ സഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങിയ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് റാസല്‍ഖൈമയില്‍ തിരൂര്‍ സ്വദേശി മരണപ്പെട്ടു. തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. ജബൽ ജൈസ് സന്ദർശിച്ച് മടങ്ങിയ സുല്‍ത്താനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിന് പിന്നില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഞായറാഴ്ച ഉച്ചക്ക് 1230ഓടെ ആയിരുന്നു അപകടം. ശനിയാഴ്ച വൈകുന്നേരം ജബല്‍ ജൈസിലെത്തിയ സംഘം ഞായറാഴ്ച മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിന് പിന്നിലിടിക്കുകയായിരുന്നു.അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മറ്റ് മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു. സുല്‍ത്താനാണ് വാഹനം ഓടിച്ചിരുന്നത്. അഖിൽ, ആദിദ്, സഹദ് എന്നിവർക്കാണ് പരുക്കേറ്റത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമങ്ങളിലാണ് ബന്ധുക്കള്‍. പിതാവ് അബ്ദുറഹ്മാന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. റംല മാതാവും ഷറഫുദ്ദീന്‍, ഷക്കീല, ഷഹന എന്നിവര്‍ സഹോദരങ്ങളുമാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!