മലപ്പുറം നഗര സഭയിലെ അക്രമം: ഡ്രൈവർ പി.ടി. മുകേഷിന് സസ്പെൻഷൻ

മലപ്പുറം നഗര സഭയിലെ അക്രമം: ഡ്രൈവർ പി.ടി. മുകേഷിന് സസ്പെൻഷൻ

മലപ്പുറം: നഗരസഭയിൽ കഴിഞ്ഞ ദിവസം നഗരസഭ കൗൺസിലറുടെ ഭർത്താവിനെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും, ഇക്കാര്യം ചോദിക്കാൻ ചെന്ന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാനെയും, കൗൺസിലർമാരെയും ദേഹോപദ്രവം നടത്തുകയും ചെയ്ത ഡ്രൈവർ പി.ടി. മുകേഷിനെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. ഈ ജീവനക്കാരനെതിരെ ഇതിന് മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.

ഹരിത കർമസേന ശേഖരിച്ച് വേർതിരിച്ച് വിൽക്കാൻ പാടില്ലാത്ത മാലിന്യങ്ങൾ വില്പന നടത്തി പണം അപഹരിക്കുക, മേലുദ്യോഗസ്ഥരോട് അനാവശ്യമായി തർക്കിക്കുക, ബോധപൂർവം സംഘർഷമുണ്ടാക്കാൻ മറ്റ് ജീവനക്കാർക്കെതിരെ ഊമ കത്തുകൾ അയക്കുക തുടങ്ങിയ പരാതികൾ നേരത്തെ ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്. ഇത്തരം പ്രവണതകൾ ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിനു തടസം വരുത്തുന്നതും, ഒരു പ്രാദേശിക ഭരണ കൂടം എന്ന നിലയിൽ നഗരസഭയുടെ സൽപ്പേരിന് പൊതുജനങ്ങൾക്കിടയിൽ കളങ്കം വരുത്തുന്ന നടപടികൾ
ആയതിനാൽ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേരള മുനിസിപ്പാലിറ്റി നിയമം സെക്ഷൻ 15(6), 2011 ലെ കേരള മുനിസിപ്പാലിറ്റി (ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം) ചട്ടം 8(1) പ്രകാരവും നഗരസഭാ ചെയർമാൻ എന്ന നിലയിൽ നിഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച് നഗരസഭ ചെയർമാൻ മുജീബ് കാടേരിയാണ് മുകേഷിനെതിരെ നടപടി എടുത്തത്.

നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സക്കീർ ഹുസൈൻ, കൗൺസിലർമാരായ സി കെ സഹീർ, എ പി ശിഹാബ്, എന്നിവർക്കെതിരെ നടത്തിയ കയ്യേറ്റത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നഗരസഭ കൗൺസിലറായ ബിനു രവികുമാറിന്റെ പ്രതിനിധിയായി സംസാരിക്കാൻ എത്തിയ ഭർത്താവ് രവികുമാറിനെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ജീവനക്കാരന്‍റെ കയ്യേറ്റം.

തന്നെ മർദിച്ചുവെന്ന് കാട്ടി മുകേഷും കൗൺസിലർമാർക്കെതിരെ കേസ് നൽകിയിട്ടുണ്ട്.

Sharing is caring!