കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഐഫോണ്‍ 14ഉം മൂന്നര ലക്ഷവും ചോദിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്ഐ വിജിലന്‍സ് പൂട്ടിയത് തക്കം പാര്‍ത്തിരുന്ന്

മലപ്പുറം: വഞ്ചനാകേസ് ഒതുക്കിത്തീര്‍ക്കാന്‍ ഐഫോണ്‍ 14 മോഡലും പണവും വാങ്ങിച്ച പരാതിയില്‍ മലപ്പുറം ക്രൈംബ്രാഞ്ച് എസ്ഐ സുഹൈലിനെ വിജിലന്‍സ് പിടികൂടിയത് ആസൂത്രിതമായ നീക്കത്തിലൂടെ. പരാതിക്കാരന്‍ നേരെ തിരുവനന്തപുരത്തുപോയി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിനെ നേരിട്ട് കണ്ടു പരാതി നല്‍കിയതും ഇതിന്റെ ഭാഗമായാണ്. മലപ്പുറത്തുപരാതി നല്‍കിയാല്‍ പോലീസ് തന്നെ കുറ്റക്കാരനാക്കി കേസ് തേയ്ച്ചുമായ്ച്ചുകളയുമെന്നും കൂടുതല്‍ കേസുകള്‍ തന്റെ മേല്‍കെട്ടിച്ചമക്കുമെന്നും ഭയന്നു. തന്നോട് മലപ്പുറം ക്രൈംബ്രാഞ്ച് എസ്ഐ കൈക്കൂലി ആവശ്യപ്പെട്ട തെളിവുകള്‍ സഹിതമാണ് വിജിലന്‍സ് ഡറയക്ടറെ കണ്ടത്. തുടര്‍ന്നു തന്റെ ആധിയും പരാതിക്കാരന്‍ വിജിലന്‍സ് ഡയറക്ടറോട് പറഞ്ഞു. പ്രതി പോലീസുകാരന്‍ തന്നെയായതിനാല്‍ വിഷയം ചോരുമെന്നും തെളിവുസഹിതം പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും കണ്ട വിജിലന്‍സ് മനോജ് എബ്രഹാം തന്റെ വിശ്വസ്തനായ കോഴിക്കോട്ടെ
വിജിലന്‍സ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെയാണ് കേസ് ഏല്‍പിച്ചത്. സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും കൂടുതല്‍ പേരെ വിവരം അറിയിക്കേണ്ടെന്നും നിര്‍ദ്ദേശം നല്‍കി. മറ്റു കേസുകളായിരുന്നെങ്കില്‍ മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പിക്കു കൈമാറാമായിരുന്ന കേസ് ഇതിനാല്‍ തന്നെ നേരിട്ട് എസ്.പി തന്നെ ഇടപെട്ടു നടത്തുകയായിരുന്നു. സഹപ്രവര്‍ത്തകരോടുള്ള മമത മൂത്ത് മുന്‍കാലങ്ങളില്‍ സമാനമായ പല കേസുകളും ചേരുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് മലപ്പുറം ക്രൈംബ്രാഞ്ച് എസ്ഐ സുഹൈല്‍ ആവശ്യപ്പെട്ട ഫോണ്‍ വാങ്ങിച്ചു നല്‍കിയതും പണം കൈമാറിയതും എല്ലാ തെളിവോടെ പിടികൂടാനായതും. അരീക്കോട്ടുകാരന്‍ സുഹൈലിനെ അറസ്റ്റ് ചെയ്ത ശേഷമാണു സംഭവം മലപ്പുറം വിജലന്‍സിനെ അറിയിക്കുന്നത്. തുടര്‍ന്നു ഇന്നലെ വൈകിട്ടു നാലോടെ കോഴിക്കോടുനിന്നു വന്ന ഉദ്യോഗസ്ഥരും മലപ്പുറത്തെ സംഘവും സംയുക്തമായി അരീക്കോട്ടെ സുഹൈലിന്റെ വീട്ടില്‍ പരിശോധന നടത്തി.
അന്വേഷണം നടന്നുവരുന്ന വഞ്ചനാ കേസിലെ പ്രതിയില്‍ നിന്നാണ് ക്രൈംബ്രാഞ്ച് എസ്.ഐ കൈക്കൂലിവാങ്ങിയത്. സംഭവത്തില്‍ ഇടനിലക്കാരന്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിനേയും വിജിലന്‍സ് പിടികൂടിയിരുന്നു. 2017ല്‍ മലപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് പരാതിക്കാരന്‍. ഈ കേസില്‍ 2019ല്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ ഇദ്ദേഹം ബംഗളുരുവില്‍നിന്ന് അറസ്റ്റിലായിരുന്നു. വളരെ വേഗം ജാമ്യം ലഭിച്ചെങ്കിലും, കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുഹൈല്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കൂടുതല്‍ വാറണ്ടുകളുണ്ടെന്നും കാണേണ്ടതുപോലെ കണ്ടാല്‍ കേസില്‍നിന്ന് ഊരാന്‍ സഹായിക്കാമെന്നും പറഞ്ഞു.മൂന്നര ലക്ഷം രൂപയും ഐഫോണ്‍ 14 മോഡലും വാങ്ങി നല്‍കണമെന്നതായിരുന്നു സുഹൈലിന്റെ ആവശ്യം. ഇതനുസരിച്ച് കറുത്ത ഐഫോണ്‍ 14 വാങ്ങി ഇടനിലക്കാരനായ മുഹമ്മദ് ബഷീറിനെ ഏല്‍പ്പിച്ചു. എന്നാല്‍ തനിക്ക് നീല നിറത്തിലുള്ള മുന്തിയ മോഡല്‍ ഐഫോണ്‍(256 ജിബി) വേണമെന്ന ആവശ്യം സുഹൈല്‍ ഉന്നയിച്ചു. ഇതനുസരിച്ച് 2023 ജനുവരി 23ന് കറുത്ത ഐഫോണ്‍ ഇടനിലക്കാരന്‍ വഴി തിരികെ നല്‍കുകയും ചെയ്തു.പണവും ആവശ്യപ്പെട്ട ഐഫോണും എത്രയും വേഗം നല്‍കണമെന്നും, ഇല്ലെങ്കില്‍ കേസ് ബലപ്പെടുത്തുമെന്നും സുഹൈല്‍ നിരന്തരം പരാതിക്കാരനെ ഭീഷണിപ്പെടുത്തി. സാമ്പത്തികപ്രതിസന്ധിയുണ്ടെന്നും കുറച്ചു സാവകാശം വേണമെന്നും സുഹൈലിനെ പരാതിക്കാരന്‍ അറിയിച്ചു.
എസ്.ഐയുടെ ഭീഷണി അസഹനീയമായതോടെ യുവാവ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിനെ നേരിട്ട് കണ്ടു പരാതി നല്‍കുകയായിരുന്നു. ഇതോടെ കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐയെ പിടികൂടാന്‍ വിജിലന്‍സ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന് മനോജ് എബ്രഹാം നിര്‍ദേശം നല്‍കി.വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശാനുസരണം ഇക്കഴിഞ്ഞ 24 ന് നീല നിറത്തിലുള്ള ഐ ഫോണ്‍ 14 (256 ജിബി) വാങ്ങി സബ് ഇന്‍സ്പെക്ടര്‍ സുഹൈല്‍ നിര്‍ദേശിച്ച പ്രകാരം ഇരിങ്ങാലക്കുടയിലുള്ള ഇടനിലക്കാരന്‍ ഹാഷിമിനെ ഏല്‍പ്പിച്ചു. ഇതോടെ നേരത്തെ ആവശ്യപ്പെട്ട 3.5 ലക്ഷം രൂപ ഗഡുക്കളായി നല്‍കിയാല്‍ മതിയെന്ന് സുഹൈല്‍ പരാതിക്കാരനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഗഡു 50000 രൂപ സുഹൈല്‍ ആവശ്യപ്പെട്ട പ്രകാരം ആദ്യ ഇടനിലക്കാരനായിരുന്ന മുഹമ്മദ് ബഷീറിനെ ഇന്ന് ഉച്ചയോടെ ഏല്‍പ്പിച്ചു. മുഹമ്മദ് ബഷീറിനെ പിന്തുടര്‍ന്ന വിജിലന്‍സ് സംഘം, സുഹൈലിന് പണം കൈമാറുന്ന സമയം ഇരുവരെയും പിടികൂടുകയായിരുന്നു ഇവരെ ഇന്നു വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
RECENT NEWS

മനോദൗര്‍ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍
കോട്ടക്കല്‍: മനോദൗര്‍ബല്യത്തിന് ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മക്കരപറമ്പ് വടക്കാങ്ങര സ്വദേശി സയിദ് സഹദ് കോയതങ്ങള്‍ കരുമ്പന്‍ തിരുത്തി (34) ആണ് അറസ്റ്റിലായത്. സഹോദരന് കൂട്ടിരിക്കാന്‍ വന്ന [...]