കരിപ്പൂരിലെ ആരെയും ഞെട്ടിക്കുന്ന സ്വര്‍ണക്കടത്ത് മൂന്ന് കോടിയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂരിലെ ആരെയും   ഞെട്ടിക്കുന്ന സ്വര്‍ണക്കടത്ത് മൂന്ന് കോടിയുടെ  സ്വര്‍ണ്ണം പിടികൂടി

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളം വഴി കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളിലും വിമാനത്തിന്റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിലും ന്യൂട്ടല്ല സ്‌പ്രെഡ് ജാറിനുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വര്‍ണം അഞ്ചു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ഷാര്‍ജ വഴി വന്ന മലപ്പുറം ആതവനാട് സ്വദേശി പൊട്ടങ്ങല്‍ ഹംസയുടെ മകന്‍ അബ്ദുല്‍ ആശിഖ് (29) കൊണ്ടുവന്ന കമ്പ്യൂട്ടര്‍ പ്രിന്റര്‍ തുറന്നു നടത്തിയ വിശദമായ പരിശോധനയിലാണ് പ്രിന്റ്‌റിന്റെ പാര്‍ട്‌സായി വച്ചിരുന്ന രണ്ടു റോഡുകളില്‍ ഉണ്ടായിരുന്ന സ്വര്‍ണം കസ്റ്റീസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പിടികൂടിയ 995 ഗ്രാം തങ്കത്തിനു വിപണിയില്‍ 55 ലക്ഷം രൂപ വിലവരും. കള്ളക്കടത്തു സംഘം ആശിഖിനു 90000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ നിന്നുമാണ് 1145 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ നീല കളറിലുള്ള ക്ലോത്‌ബെല്‍റ്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂവിന്റെ സഹായത്തോടെ പിടികൂടിയത്. വിമാനം കരിപ്പൂരിലെത്തിയ ശേഷം ഈ പാക്കറ്റ് മറ്റാരുടെയോ സഹായത്തോടെ പുറത്തു കടത്തുവാനിരുന്നതാണെന്നാണ് സംശയിക്കുന്നത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം തവനൂര്‍ സ്വദേശിയായ ചെറുകാട്ടുവളപ്പില്‍ സൈദാലിയുടെ മകന്‍ അബ്ദുല്‍ നിഷാറില്‍ (33) നിന്നും 1158 ഗ്രാം സ്വര്‍ണ്ണമിശ്രിതവും കൊടുവള്ളി അവിലോറ സ്വദേശിയായ പാറക്കല്‍ കാദറിന്റെ മകന്‍ സുബൈറില്‍ (35) നിന്നും 1283 ഗ്രാം സ്വര്‍ണ്ണ മിശ്രിതവും അടങ്ങിയ 4 വീതം ക്യാപ്‌സ്യൂളുകള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കള്ളക്കടത്തു സംഘം നിഷാറിന് 50000 രൂപയും സുബൈറിനു 70000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന വടകര വില്ലിയാപ്പള്ളി സ്വദേശിയായ താച്ചാര്‍ കണ്ടിയില്‍ അഷ്‌റഫിന്റെ മകന്‍ അഫ്‌നാസില്‍ (29) നിന്നും ന്യൂട്ടല്ല സ്‌പ്രെഡ് ജാറിനുള്ളില്‍ കലര്‍ത്തി കൊണ്ടുവന്ന 45.69 ലക്ഷം രൂപ വിലയുള്ള 840.34 ഗ്രാം സ്വര്‍ണം ഡി.ആര്‍.ഐ. ഉദ്യോഗസ്ഥരും കസ്റ്റീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടിച്ചെടുത്തു. കള്ളക്കടത്തുസംഘം അഫ്നാസിന് 50000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഈ അഞ്ചു കേസുകളുമായി ബന്ധപ്പെട്ട് സമഗ്രമായ അനേ്വഷണം നടത്തുമെന്ന് എയര്‍ കസ്റ്റീസ് അറിയിച്ചു.

Sharing is caring!