പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തപ്പോള്‍ മലപ്പുറത്തെ ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടു കെട്ടി

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളെ തുടര്‍ന്ന് കേസില്‍ ഉള്‍പ്പെട്ടവരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തപ്പോള്‍ ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടു കെട്ടി. മലപ്പുറം എടരിക്കോട് അഞ്ചാം വാര്‍ഡ് അംഗം ക്ലാരി സ്വദേശി ചെട്ടിയംതൊടി അഷ്റഫിന്റെ സ്വത്താണ് കണ്ടു കെട്ടിയത്. ഇദ്ദേഹത്തിന്റെ 6.46 ആര്‍സ് സ്ഥലമാണ് കണ്ടുകെട്ടിയത്.
തിരൂരങ്ങാടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും കോട്ടക്കല്‍ പോലീസും എത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യഥാര്‍ത്ഥത്തില്‍ ഇതേ അഡ്രസിലുള്ള മറ്റൊരു അഷ്റഫ് ആണത്രേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന്. ഇദ്ദേഹം എസ് ഡി പി ഐ സ്ഥാനര്‍ത്ഥിക്കെതിരെ മത്സരിച്ചാണ് വിജയിച്ചത് പോലും. റവന്യു അധികൃതര്‍ക്ക് ലഭിച്ച രേഖ പ്രകാരമാണ് നടപടി സ്വീകരിച്ചത് എന്ന് തഹസില്‍ദാര്‍ പറഞ്ഞു.
സംഭവത്തില്‍ പരാതി നല്‍കുമെന്ന് അഷ്റഫ് പറഞ്ഞു. നടപടികള്‍ക്കായി എത്തിയപ്പോള്‍ തന്നെ അധികൃതരോട് അഷ്റഫും നാട്ടുകാരും വിവരം ധരിപ്പിച്ചിരുന്നു. നിയമ നടപടി സ്വീകരിക്കുമെന്ന് അഷ്റഫ് പറഞ്ഞു. യഥാര്‍ഥ ആളുടെ ഫോട്ടോയും അഡ്രെസും ഉള്‍പ്പെടെ പോലീസില്‍ വിവരങ്ങള്‍ ഉണ്ടായിട്ടും റവന്യൂ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു എന്ന് അഷ്റഫ് പറഞ്ഞു. പോലീസ് നല്കിയ രേഖ പ്രകാരമാണ് നടപടി.
പോലീസ് പ്രതികളുടെ ലിസ്റ്റ് രജിസ്ട്രാര്‍ ഓഫീസില്‍ നല്കി അവിടെ നിന്ന് ശേഖരിച്ച വിവരങ്ങള്‍ കൈമാറുകയായിരുന്നു എന്നാണ് അറിയുന്നത്. ഹൈക്കോടതിയുടെ അന്ത്യശാസനം ഉള്ളതിനാല്‍ സാധാരണയുള്ള ജപ്തി നടപടികള്‍ സ്വീകരിച്ചല്ല കണ്ടു കെട്ടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് നോട്ടീസ് നല്കി ആക്ഷേപവും പരാതിയും അറിയിക്കാന്‍ സമയം നല്‍കിയാണ് ജപ്തി നടപടി ക്രമങ്ങള്‍ ചെയ്യുന്നത്.
എന്നാല്‍ ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. ഇത് കാരണം നടപടിക്ക് വിധേയരായവര്‍ക്ക് അവരുടെ ഭാഗം അറിയിക്കാന്‍ പറ്റിയില്ല. ഇത് കാരണം ഒട്ടേറെ നിരപരാധികളുടെ സ്വത്തും കണ്ടു കെട്ടിയവയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. തിരൂരങ്ങാടി യില്‍ സ്വത്ത് കണ്ടുകെട്ടിയ ചെമ്മാട് സി കെ നഗര്‍ സ്വദേശി മറ്റൊരു സംഘടന പ്രവര്ത്തകന് ആണെന്നും ഇദ്ദേഹം നിരപരാധി ആണെന്നും നാട്ടുകാര്‍ പറയുന്നു.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]