12കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരന്‍, വിധി 11ന്

12കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരന്‍, വിധി 11ന്

മഞ്ചേരി : വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പന്ത്രണ്ടു വയസ്സുകാരനെ റിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരനെന്ന് മഞ്ചേരി പോക്‌സോ അതിവേഗ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഈ മാസം 11ന് ജഡ്ജി കെ രാജേഷ് പ്രസ്താവിക്കും. മലപ്പുറം ഡൗണ്‍ഹില്‍ മുരിങ്ങാത്തൊടി അബ്ദുല്‍ അസീസ് (42) ആണ് പ്രതി.
2015 നവബംര്‍ 27ന് വൈകീട്ട് 6.15നാണ് സംഭവം. മലപ്പുറത്തെ ചര്‍ച്ചില്‍ നിന്നും കുര്‍ബാന കഴിഞ്ഞ് മൈലപ്പുറത്തെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു കുട്ടി. പിറകില്‍ ഓട്ടോയുമായി എത്തിയ പ്രതി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കുട്ടിയെ കയറ്റുകയായിരുന്നു. എന്നാല്‍ ഓട്ടോ വീടിനടുത്ത് നിര്‍ത്താതെ കോലാര്‍ റോഡിലൂടെ ഓടിച്ചു പോകുകയും പുഴയോരത്തുള്ള ഒഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി കിടപ്പുമുറിയിലിരുന്ന് കരയുന്നത് കണ്ട മാതാവ് ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്. പിറ്റേന്ന് മലപ്പുറം ചൈല്‍ഡ് ലൈന്‍ മുഖാന്തിരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ എട്ട് സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. എഎസ്‌ഐ എന്‍ സല്‍മയായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്‌സണ്‍ ഓഫീസര്‍. മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന റിച്ചാര്‍ഡ് വര്‍ഗ്ഗീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Sharing is caring!