ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ മലപ്പുറത്തെ ദമ്പതികള്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പേരില്‍  ലക്ഷങ്ങള്‍ തട്ടിയ മലപ്പുറത്തെ ദമ്പതികള്‍ അറസ്റ്റില്‍

മലപ്പുറം: ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ മലപ്പുറത്തെ ദമ്പതികള്‍ അറസ്റ്റില്‍. ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച് വന്‍ലാഭമുണ്ടാക്കാമെന്നു വാഗ്ദാനം നല്‍കി വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതില്‍ ആയിരക്കണക്കിനാളുകളെ ചേര്‍ത്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളെ പിടികൂടി. മലപ്പുറം പൊന്‍മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂര്‍ സ്വദേശിനി പട്ടന്‍മാര്‍തൊടിക റംലത്ത് (24)എന്നിവരെയാണ് തമിഴ്നാട് ഏര്‍വാടിയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നു മങ്കട എസ്.ഐ സി.കെ.നൗഷാദും സംഘവും കസ്റ്റഡിയിലെടുത്തത്. മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്.

നവംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ വിഐപി ഇന്‍വെസ്റ്റ്മെന്റ് എന്ന വാട്സ് ആപ്പ് കൂട്ടായ്മ വഴി പരാതിക്കാരിയുടെ നമ്പര്‍ ചേര്‍ക്കുകയായിരുന്നു. ഇതുവഴി ഗോവ കാസിനോവയില്‍ നടക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പലപ്പോഴായി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തെക്കുറിച്ചു മലപ്പുറം പോലീസ് മേധാവി എസ്.സുജിത്ത്ദാസിനു ലഭിച്ച പരാതി പ്രകാരം മങ്കട എസ്ഐ സി.കെ.നൗഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത്തരത്തില്‍ നിരവധി വാട്സ് ആപ്പ് കൂട്ടായ്മ ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെ നിരവധിയാളുകളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത് ആഢംബര ജീവിതം നയിച്ചുവരുന്ന പൊന്‍മള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത്, ഭാര്യാസഹോദരന്‍ മാവണ്ടിയൂര്‍ സ്വദേശി പട്ടര്‍മാര്‍തൊടി മുഹമ്മദ് റാഷിദ് എന്നിവരെക്കുറിച്ച് സൂചന ലഭിച്ചതോടെയാണ് ഇവര്‍ പിടിയിലായത്.

തട്ടിപ്പിന്റെ പുതുവഴികള്‍ ഇങ്ങനെ: മുഹമ്മദ് റാഷിദും ഭാര്യാസഹോദരനും ഹാക്കിംഗ് വിദ്യാര്‍ഥിയുമായ യുവാവുമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. യൂട്യൂബ് ട്രേഡിംഗ് വീഡിയോകളിലൂടെ തങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പ് ലിങ്കുകള്‍ അയക്കുകയും അതുവഴി നിരവധിയാളുകളെ കൂട്ടായ്മയില്‍ ചേര്‍ക്കുകയും അതിലൂടെ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നു പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ആദ്യം കുറച്ച് പണം ലാഭവിഹിതമെന്ന പേരില്‍ അയച്ചുകൊടുത്തു വിശ്വാസം നേടുന്നു. തുടര്‍ന്നു പണം കിട്ടിയതായും മറ്റും വ്യാജ സന്ദേശങ്ങളിലൂടെ ഗ്രൂപ്പിലേക്കു അയക്കും.

പണം കിട്ടിയില്ലെന്ന പരാതികള്‍ വരുന്നതോടുകൂടി പ്രതികള്‍ ഗ്രൂപ്പില്‍ നിന്നു ലെഫ്റ്റാവകുകയും പുതിയ നമ്പര്‍ എടുത്ത് പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വീണ്ടും തട്ടിപ്പ് തുടരുകയും ചെയ്യുന്നു. മുഖ്യപ്രതി റാഷിദിന്റെ ഭാര്യ റംലത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കാനായി ആവശ്യപ്പെടുന്നത്. ഭാര്യാ സഹോദരന്‍ മുഹമ്മദ് റാഷിദിനെ കഴിഞ്ഞ ദിവസം മങ്കട എസ്.ഐ സി.കെ.നൗഷാദും സംഘവും വളാഞ്ചേരിയില്‍ നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്നു ഒളിവില്‍ പോയ മുഹമ്മദ് റാഷിദും റംലത്തും ഏര്‍വാടിയില്‍ പല സ്ഥലങ്ങളിലായി കഴിഞ്ഞുവരുന്നതിനിടെയാണ് അറസ്റ്റിലായത്. എ.എസ്.ഐ സലീം, സി.പി.ഒ സുഹൈല്‍, പെരിന്തല്‍മണ്ണ ഡാന്‍സാഫ്
സ്‌ക്വാഡ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

Sharing is caring!