കരിപ്പൂരില്‍ സ്വര്‍ണക്കടത്ത്; യുവതിയും സംഘവും പിടിയില്‍

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത്;  യുവതിയും സംഘവും പിടിയില്‍

മലപ്പുറം: സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യുവതിയെയും, യുവതിയുടെ ഒത്താശയോടെ സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ 8.30ന് ദുബായില്‍ നിന്ന് എട്ട് ലക്ഷത്തിന്റെ 146 ഗ്രാം സ്വര്‍ണ്ണവുമായി കരിപ്പൂരിലെത്തിയ സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരാണ് പിടിയിലായത്.സംഘത്തിലുണ്ടായിരുന്നഒരാളെക്കൂടി പിടികൂടാനുണ്ട്.
വയനാട് സ്വദേശി സുബൈറിനായി കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനാണ് മൂന്നുപേര്‍ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്.മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത് വീതം വയ്ക്കാനായിരുന്നു പദ്ധതിയിട്ടത്. കസ്റ്റംസിനെ വെട്ടിച്ചും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവര്‍ച്ചാ സംഘത്തോടൊപ്പം കാറില്‍ കയറി അതിവേഗം വിമാനത്താവളത്തിന് പുറത്തേക്ക് പോയ ഡീനയുടെ വാഹനത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലണ്മേജില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെടുക്കാനായത്. പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു. നാല് മാസത്തിനിടെ കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂരിലെത്തിയ മൂന്ന് കവര്‍ച്ചാ സംഘങ്ങളെയാണ് സ്വര്‍ണ്ണം സഹിതം പൊലീസ് അറസ്റ്റ് ചെയ്തത്.

Sharing is caring!