ഓട്ടോയില്‍ ചാരായ വില്‍പ്പനക്കിറങ്ങിയ യുവാവ് പിടിയില്‍

ഓട്ടോയില്‍ ചാരായ വില്‍പ്പനക്കിറങ്ങിയ യുവാവ് പിടിയില്‍

മലപ്പുറം: മലപ്പുറം തിരൂര്‍ വെട്ടം ആലിശേരിയില്‍ ചാരായവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. ഇന്ന് രാവിലെ യുവാവ് കുടുങ്ങിയത് ഓട്ടോയില്‍ ചാരായം വില്‍പ്പനക്കിറങ്ങിയപ്പോള്‍. ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് വന്‍ ലാഭം പ്രതീക്ഷിച്ച് ചാരായ വില്പനക്കിറങ്ങിയ വെട്ടം അമലത്ത് വീട്ടില്‍ ഹരിദാസന്‍ ആണ് പിടിയിലായത്. ഇന്ന് രാവിലെ വെട്ടം ആലിശ്ശേരി ഭാഗത്ത് നിന്നാണ് ഇയാളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോ റിക്ഷയില്‍ സൂക്ഷിച്ച നിലയില്‍ മൂന്നു ലിറ്റര്‍ ചാരായമാണ് കണ്ടെടുത്തത്. ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു .തിരൂര്‍ എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ടി യൂസുഫലി, കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ കെ സമേഷ്, എസ് കണ്ണന്‍, എക്‌സ്സൈസ് ഡ്രൈവര്‍ കെ സി അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അതേ സമയം വീട്ടില്‍ ചാരായം വാറ്റിയതിന് നാട്ടുകാര്‍ പിടികൂടി എക്സൈസ് ഇന്‍സ്പെക്ടറെ അറിയിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട വീട്ടമ്മയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. അരീക്കോട് വെറ്റിലപ്പാറ കിണറടപ്പന്‍ പാലത്തിങ്ങല്‍ ഹസീന (46)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. 2022 ഒക്ടോബര്‍ ഏഴിനാണ് സംഭവം. വീട്ടില്‍ ചാരായം വാറ്റുന്നത് ശ്രദ്ധയിപ്പെട്ട നാട്ടുകാര്‍ ഇവരെ തടഞ്ഞു വെച്ച് മഞ്ചേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലേക്ക് വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പ്രിവന്റീവ് ഓഫീസര്‍ എം ഹരികൃഷ്ണനും സംഘവും സ്ഥലത്തെത്തുന്നതിനു മുമ്പ് ഹസീന ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നും മൂന്നര ലിറ്റര്‍ ചാരായം, 23 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍, ഹസീനയുടെ ആധാര്‍കാര്‍ഡ്, ഫോട്ടോ എന്നിവ എക്സൈസ് സംഘം കണ്ടെടുത്തിരുന്നു.

Sharing is caring!