കേന്ദ്രമന്ത്രി വി.മുരളീധരനെ രാജ്യസഭയില്‍ പുകഴ്ത്തി പി.വി.അബ്ദുല്‍ വഹാബ്

കേന്ദ്രമന്ത്രി വി.മുരളീധരനെ രാജ്യസഭയില്‍ പുകഴ്ത്തി   പി.വി.അബ്ദുല്‍ വഹാബ്

മലപ്പുറം: കേന്ദ്രമന്ത്രി വി.മുരളീധരനെ രാജ്യസഭയില്‍ പുകഴ്ത്തി മുസ്‌ലിം ലീഗ് ദേശീയ ട്രഷററും രാജ്യസഭാ എം.പി.യുമായ പി.വി. അബ്ദുല്‍ വഹാബ്. വി.മുരളീധരന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയില്‍ അദ്ദേഹം കേരളത്തിന്റെ അംബാസഡറാണ്. എന്നാല്‍ കേരളത്തില്‍ എത്തിയാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സംസാരിക്കും. മുരളീധരന്റെ വിമര്‍ശനങ്ങളില്‍ വാസ്തവമുണ്ടെന്നും ലീഗ് എംപി പി.വി.അബ്ദുല്‍ വഹാബ് പറഞ്ഞു.അടുത്തിടെ മുസ്ലിം ലീഗിനെ സ്തുതിച്ച സിപിഎം നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വി.മുരളീധരന്‍ രംഗത്തുവന്നിരുന്നു. കേരളത്തിലെ ഇടതുമുന്നണി നേതാക്കളുടെ പ്രസ്താവനകള്‍ കാലത്തിന് അനുസരിച്ചുള്ള കോലംകെട്ടല്‍ മാത്രമാണ്. ലീഗിനെ വര്‍ഗീയ പാര്‍ട്ടിയാക്കേണ്ടപ്പോള്‍ അങ്ങനെയും അല്ലാത്തപ്പോള്‍ മറിച്ചും ചിത്രീകരിക്കുന്നവരാണു സിപിഎമ്മുകാര്‍ എന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.

ലീഗിനെതിരായ നിലപാട് ബിജെപി സ്വീകരിക്കുന്ന വേളയിലാണു പാര്‍ട്ടി എംപി കേന്ദ്രമന്ത്രി വി.മുരളീധരനെ പ്രശംസിച്ചതെന്നതു ശ്രദ്ധേയമാണ്. അതേസമയം, വി.മുരളീധരനെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. കേരളത്തിലെ വികസനം തടസ്സപ്പെടുത്തുകയാണു കേന്ദ്രമന്ത്രി ചെയ്യുന്നത്. നോട്ടുനിരോധനകാലത്ത് കേരളത്തില്‍വന്നു പറഞ്ഞതെല്ലാം കേന്ദ്രമന്ത്രി മറന്നുവെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.

ലീഗ് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെ.മുരളീധരന്‍

കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ പാര്‍ലമെന്റില്‍ പ്രശംസിച്ച മുസ്ലിം ലീഗ് എംപി പി.വി അബ്ദുല്‍ വഹാബിന്റെ പ്രസ്താവനയില്‍ ലീഗ് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെ.മുരളീധരന്‍. പിണറായിയെ വിമര്‍ശിക്കാന്‍ വി.മുരളീധരന്റെ ആവശ്യമില്ലെന്നും പിണറായിയെ പരസ്യമായി വിമര്‍ശിക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് വി.മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.വഹാബിന്റെ പ്രസ്താവനയില്‍ ലീഗ് ഉചിതമായ തീരുമാനമെടുക്കും പിണറായിയെ എതിര്‍ക്കാന്‍ വി മുരളീധരന്റെ സഹായം ആവശ്യമില്ല. വി.മുരളീധരന്‍ പിണറായിയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യും. അത് ബിജെപിയെ അഖിലേന്ത്യാ നയമാണ്.
കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിര്‍ദ്ദേശം ലഭിച്ചത്. അധ്യക്ഷനെ മാറ്റേണ്ട സാഹചര്യം നിലവിലില്ല. കെ.സുധാകരന്‍ തുടരട്ടെ എന്ന് പിസിസി തീരുമാനിച്ചതാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sharing is caring!