ചെരണിയില്‍ വന്‍ അഗ്നിബാധ, ഒരു കോടിയിലേറെ നഷ്ടം

ചെരണിയില്‍ വന്‍ അഗ്നിബാധ,  ഒരു കോടിയിലേറെ നഷ്ടം

മഞ്ചേരി: ചെരണിയിലെ ഗോഡൗണിലുണ്ടായ വന്‍ അഗ്നിബാധയില്‍ ഒരു കോടി രൂപയിലേറെ നഷ്ടം. കിടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ സൂക്ഷിച്ച ഗോഡൗണിലാണ് അഗ്‌നിബാധയുണ്ടായത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ചെരണി പാലാന്‍തൊടി മുഹമ്മദ് റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഹര്‍ഷ ഫോം, ഭാര്യ സറീനയുടെ സ്ഥാപനമായ ന്യൂ സെഞ്ച്വറി റക്സിന്‍ എന്നീ സ്ഥാപനങ്ങളുടെ ഗോഡൗണുകളിലാണ് തീപിടുത്തമുണ്ടായത്. അഗ്നി ബാധ സമയത്ത് തൊഴിലാളികള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തമൊഴിവാക്കി.
ബാംഗ്ലൂരില്‍ നിന്നെത്തിയ ബെഡ് ഫോം ലോഡ് ഗോഡൗണിനു മുന്നില്‍ ഇറക്കിയിരുന്നു. ഇതിലേക്ക് സിഗരറ്റ് കുറ്റിയോ മറ്റോ വീണതാകാം തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു. തൊഴിലാളികള്‍ ഉല്‍പ്പന്നങ്ങള്‍ മറ്റൊരു ഗോഡൗണിലേക്ക് മാറ്റാന്‍ പോയതായിരുന്നു. സമീപത്തെ തുണിക്കടയിലെ ജീവനക്കാരാണ് അഗ്നിബാധയുണ്ടായ വിവരം ആദ്യം അറിഞ്ഞത്. തീയണക്കാനുള്ള ശ്രമത്തിനിടെ വീണ് ഉടമ റഫീഖിന്റെ കാലിന് പരിക്കേറ്റു. മഞ്ചേരിയില്‍ നിന്നും മലപ്പുറത്തു നിന്നും അഗ്നിശമന യൂണിറ്റുകള്‍ എത്തിയെങ്കിലും തീയാളുന്നത് നിയന്ത്രിക്കാനായില്ല. പെരിന്തല്‍മണ്ണ, തിരുവാലി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ യൂണിറ്റും മഞ്ചേരി, മലപ്പുറത്തുന്നിന്നനും രണ്ട് വീതം യൂണിറ്റുകളും ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്. ഗോഡൗണിനകത്ത് പെട്രോളിയം ഉല്‍പ്പന്നമായ പോളിസ്റ്റര്‍ സ്റ്റാപ്പിള്‍ ഫൈബര്‍ എന്ന സിന്തറ്റിക് റെക്രോണ്‍, യു ഫോം, ഫൈബര്‍ ഫോം, ചകിരി എന്നിവയായതിനാല്‍ പെട്ടെന്ന് തീപടരുകയായിരുന്നു. തീ തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക് പടരാതിരിക്കാന്‍ അഗ്നി ശമന സേന ഏറെ പണിപ്പെട്ടു. ഗൗഡൗണിനകത്തുണ്ടായിരുന്ന എയ്‌സ് ഗുഡ്‌സ് വാഹനവും കത്തിയമര്‍ന്നു. സമീപത്ത് പ്രവര്‍ത്തിക്കുന്ന ചോയ്സ് ബസാര്‍ തുണിക്കടയിലും പനോളി ടയര്‍ വീല്‍ അലൈമെന്റ് ഷോറൂമിലും സാമഗ്രികള്‍ കത്തി നശിച്ചു. അബ്ബാസലിയുടെ ഉടമസ്ഥതയിലുള്ള ചോയ്സ് ബസാറിന്റെ മുകളിലെ നിലയിലാണ് തീപടര്‍ന്നത്. ഏഴു ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തിയമര്‍ന്നു. ടയര്‍ ഷോപ്പിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ടയര്‍, ഫര്‍ണീച്ചറുകള്‍, ചുമരുകളും ഉള്‍പ്പെടെ കത്തി നശിച്ചു.

Sharing is caring!