മയക്കുമരുന്ന് കടത്ത് : യുവാവിന് നാലര വര്‍ഷം കഠിന തടവും പിഴയും

മയക്കുമരുന്ന് കടത്ത് : യുവാവിന് നാലര വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: മാരക മയക്കുമരുന്നായ എം ഡി എം എ കടത്തിയ യുവാവിന് മഞ്ചേരി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ കോടതി നാലര വര്‍ഷം കഠിന തടവും 45000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടവണ്ണ ചെമ്പക്കുത്ത് അരയിലകത്ത് റിദാന്‍ ബാസില്‍ (28) നെയാണ് ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. 2021 മാര്‍ച്ച് 14നാണ് കേസിന്നാസ്പദമായ സംഭവം. എയര്‍പ്പോര്‍ട്ട് കൊളത്തൂര്‍ റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്ന കൊണ്ടോട്ടി സബ് ഇന്‍സ്‌പെക്ടറായിരുന്ന വിമല്‍ പ്രതി സഞ്ചരിച്ച ഥാര്‍ ജീപ്പ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചതിലാണ് 15.5 ഗ്രാം എം ഡി എം എ പിടികൂടിയത്. റിദാന്‍ ബാസിലിനെ ഒന്നാം പ്രതിയായും ജീപ്പിലുണ്ടായിരുന്ന മമ്പാട് പൊങ്ങല്ലൂര്‍ പൊയീലില്‍ ഷമീമിനെ രണ്ടാം പ്രതിയുമായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഷമീം സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി ചന്ദ്രമോഹനാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍ ഹാജരായി.

Sharing is caring!