സമസ്തയുടെ എതിര്‍പ്പ് ഫലംകണ്ടു: കുടുംബശ്രീയുടെ ജെന്‍ഡര്‍ കാമ്പയില്‍ പ്രതിജ്ഞ പിന്‍ലിച്ചു

സമസ്തയുടെ എതിര്‍പ്പ് ഫലംകണ്ടു: കുടുംബശ്രീയുടെ ജെന്‍ഡര്‍  കാമ്പയില്‍ പ്രതിജ്ഞ പിന്‍ലിച്ചു

മലപ്പുറം: സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയതോടെ കുടുംബശ്രീ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിക്കുന്നു. ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ ചൊല്ലേണ്ടെന്നു കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍ നിന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ പ്രതിജ്ഞ തയ്യാറാക്കി നല്‍കുമെന്നാണ് ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ് എന്നാണ് വിവരം.
സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യാവകാശം നല്‍കണമെന്ന പ്രതിജ്ഞയിലെ ഭാഗത്തിനെതിരെയാണ് സമസ്ത, കെ എന്‍ എം മര്‍ക്കസുദഹ്വ, വിസ്ഡം തുടങ്ങിയ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നത്. പ്രതിജ്ഞ ശരീഅത്ത് നിയമത്തിന് എതിരാണെന്നായിരുന്നു സമസ്തയുടെ യുവജന വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ളവര്‍ വാദിച്ചിരുന്നത്. പുരുഷന് ഇരട്ടിസ്വത്തിനും സ്ത്രീക്ക് പകുതി സ്വത്തിനും അവകാശമുണ്ടെന്നാണ് ശരീഅത്ത് നിയമത്തില്‍ പറയുന്നത്.

നാസര്‍ ഫൈസി കൂടത്തായിയുടെ കുറിപ്പ് ഇങ്ങനെ
ഖുര്‍ആന്‍ പറയുന്നത്: ‘ ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്’ (അന്നിസാഅ്: 11) സ്ത്രീക്ക് അല്പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്നലോകത്തോടാണ് പിതാവിന്റെയും ഭര്‍ത്താവിന്റെയും മകന്റേയും സ്വത്തില്‍ സ്ത്രീക്ക് അനന്തര സ്വത്തവകാശം ഇസ്ലാം പ്രഖ്യാപിച്ചത്. എന്നാല്‍ പിതാവിന്റെ സ്വത്തില്‍ അവര്‍ക്ക് പുരുഷന്റെ (സഹോദരന്റെ ) പകുതിയാക്കിയത് വിവേചനമല്ല.

സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭര്‍ത്താവ് ദ്രരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കില്‍ പോലും അവരുടേയും ഭര്‍ത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. ഒരു ചില്ലിക്കാഷും ചെലവിനത്തില്‍ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാന്‍ അവകാശം നല്‍കുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലര്‍ ആരോപിച്ച് വന്നത്. ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സര്‍ക്കുലര്‍ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യും.

Sharing is caring!