മലപ്പുറത്ത് ഹലാല്‍ ആട് കച്ചവടത്തിന്റെ പേരില്‍ തട്ടിയെടുത്തത് കോടികള്‍

മലപ്പുറത്ത് ഹലാല്‍ ആട് കച്ചവടത്തിന്റെ പേരില്‍ തട്ടിയെടുത്തത് കോടികള്‍

മലപ്പുറം: ഹലാല്‍ ആട് കച്ചവടത്തിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറംപടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശി കെ റിഷാദ് മോന്‍ (36) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഹലാല്‍ ആട് കച്ചവടത്തെ സംബന്ധിച്ച് വിശദീകരിക്കുകയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും വഴി ജില്ലയിലെ 120 ല്‍ കൂടുതല്‍ പേരാണ് വഞ്ചിതരായത്. പരാതിക്കാരില്‍ കൂടുതലും അരീക്കോട്, ഊര്‍ങ്ങാട്ടീരി എടവണ്ണ ഭാഗത്തുള്ളവരാണ്. വഞ്ചിതരായവര്‍ വിവിധ പോലീസ് സ്റ്റേഷനുകളിലും ജില്ലാ പോലീസ് മേധാവിക്കും നേരിട്ടും കൂട്ടമായും പരാതികള്‍ നല്‍കിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കേസിലെ മൂന്നാം പ്രതി ഇപ്പോള്‍ പിടിയിലായത്. അരീക്കോട് എസ്എച്ച്ഒഎം അബ്ബാലിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐ യുകെ ജിതിന്‍ എസ്‌ഐ അമ്മദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നിലവില്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്നുമലയില്‍ സ്വന്തമായി ആട്, കോഴി ഫാമുകളുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സ്വന്തമായും സംഘമായും ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ ബിസിനസ് സംബന്ധിച്ച് പ്രചാരണം നടത്തും. ഇതിന് പ്രത്യേക ഇടനിലക്കാരും ഇവര്‍ക്ക് കൂട്ടിനുണ്ടായിരുന്നു.
ബിസിനസിന്റെ തുടക്കത്തില്‍ കൃത്യമായി ലാഭ വിഹിതം വിതരണം ചെയ്യുന്നതിനാല്‍ മറ്റാര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പ്രതികള്‍ എല്ലാവരും ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത്. ആദ്യഘട്ടത്തില്‍ ചെറിയ രീതിയിലുള്ള തുക ലാഭവിഹിതമായി നല്‍കിയിരുന്നു തുടര്‍ന്നാണ് വലിയ രീതിയിലുള്ള തട്ടിപ്പ് ഇവര്‍ നടത്തിയത്. തുടര്‍ന്ന് ഒമ്പത് മാസമായി സംഘത്തെ കുറിച്ച് വിവരം ലഭിക്കാത്തതിനാലാണ് കൂട്ടമായി വഞ്ചിതരായവര്‍ പരാതി നല്‍കിയത്. അതേസമയം പിടിയിലായ പ്രതിയെ കേസ് രജിസ്റ്റര്‍ ചെയ്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Sharing is caring!