മലപ്പുറത്തുകാരുടെ അഭിമാനം: കേരള പോലീസിലെ ഷെര്‍ലക് ഹോംസ് എസ്.പി മോഹനചന്ദ്രന്‍ വിരമിച്ചു

മലപ്പുറത്തുകാരുടെ അഭിമാനം: കേരള പോലീസിലെ ഷെര്‍ലക് ഹോംസ് എസ്.പി മോഹനചന്ദ്രന്‍ വിരമിച്ചു

മലപ്പുറം: കുറ്റാന്വേഷണ മികവുകൊണ്ട് കേരള പോലീസിലെ ഷെര്‍ലക് ഹോംസെന്ന വിളിപ്പേരുള്ള നിലമ്പൂര്‍ സ്വദേശിയായ കൊച്ചി ക്രൈം ബ്രാഞ്ച് എസ്.പി എം.പി മോഹനചന്ദ്രന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണോദ്യോഗസ്ഥനായിരുന്നു മോഹനചന്ദ്രന്‍.
കേരളത്തില്‍ നിന്നും ഐ.പി.എസിന് ശുപാര്‍ശ ചെയ്ത ലിസ്റ്റില്‍ ഉള്‍പ്പെട്ട മോഹനചന്ദ്രന്‍ എട്ടുമാസത്തിനു ശേഷം ഐ.പി.എസ് പദവിയോടെ സേനയില്‍ തിരിച്ചെത്തും.
പ്രലോഭനങ്ങളെയും ഭീഷണികളെയും കൂസാത്ത അന്വേഷണ മികവുകൊണ്ട് കേരള പോലീസിന്റെ അഭിമാനമായ മോഹനചന്ദ്രന് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
സി.ആര്‍.പി.എഫ് എസ്.ഐയായി 1990തില്‍ കേന്ദ്ര പോലീസ് സേനയില്‍ ചേര്‍ന്ന മോഹനചന്ദ്രന് ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി) കമാന്റോ പരിശീലനവും ലഭിച്ചിട്ടുണ്ട്. എസ്.പി.ജി പരിശീലനവും നേടി മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ എസ്.പി.ജി സുരക്ഷാസംഘത്തിലുണ്ടായിരുന്നു. കേരള പോലീസില്‍ എസ്.ഐയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കേന്ദ്രസര്‍വീസില്‍ നിന്നും രാജിവെച്ച് 1995ലാണ് കേരള പോലീസില്‍ എത്തിയത്.
സംസ്ഥാനത്തെ വലിയ ബാങ്ക് കവര്‍ച്ചകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ ബാങ്ക്് കവര്‍ച്ചാ കേസുകളിലെ പ്രതികളെ പിടിച്ചത് മോഹനചന്ദ്രന്‍ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാണ്. തിരൂരങ്ങാടി കൊടിഞ്ഞിയിലെ പാത്തുമ്മക്കുട്ടി വധക്കേസിലെ പ്രതി ഇസ്‌ലാം ഖാനെയും സംഘത്തെയും യു.പി മൊറാദാബാദിലെത്തി സാഹസികമായി പിടികൂടി. മാറാട് കലാപക്കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്നു. കുനിയില്‍ ഇരട്ടക്കൊലക്കേസ്, നിലമ്പൂര്‍ രാധാവധക്കേസ് എന്നിവ അന്വേഷിച്ച പ്രത്യേക സംഘത്തിലും ഉണ്ടായിരുന്നു.
മതംമാറ്റത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസല്‍ വധക്കേസ്, ബിബിന്‍ വധക്കേസ്, കാസര്‍ക്കോട് റിയാസ് മൗലവി വധക്കേസ്, അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസ്, ചാവക്കാട് വടക്കെക്കാട് ഷെമീര്‍ വധക്കേസ്, എന്നിവ തെളിയിച്ചതും മോഹനചന്ദ്രന്റെ അന്വേഷണ മികവിലാണ്.
2009തില്‍ പെരിയ പൊന്ന്യന്‍ കവര്‍ച്ചാക്കേസ് അന്വേഷണത്തില്‍ തമിഴ്‌നാട് കുറുവ സംഘം നടത്തിയ 12 ബാങ്ക് കവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാക്കി.
കാസര്‍ഗോട്ടുനിന്നും 600 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയായിരിക്കെ നോട്ടുനിരോധനത്തിനു ശേഷം 2 വര്‍ഷം കൊണ്ട് 125 കോടി രൂപയുടെ നിരോധിതനോട്ടുകളാണ് പിടിച്ചെടുത്തത്. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ക്ക് പുറമെ 110 കോടി രൂപ വിലമതിക്കുന്ന തുര്‍ക്കി കറന്‍സിയും പിടികൂടിയിരുന്നു.
മലപ്പുറത്ത് തെരുവുനായ്ക്കള്‍ക്ക് നിരന്തരം വെട്ടേല്‍ക്കുന്നത് തീവ്രവാദസംഘങ്ങളുടെ പരിശീലനത്തിനിടെയാണെന്ന പ്രചരണം ദേശീയതലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. ഇതോടെ അന്വേഷണത്തിന് മോഹനചന്ദ്രനെ നിയോഗിക്കുകയായിരുന്നു. നായ്ക്കളുടെ തലയിലെ മുറിവ് പരിശോധിക്കുകയും വെറ്റിനറി സര്‍ജന്‍മാരുടെ റിപ്പോര്‍ട്ടുകളു മടക്കം പരിഗണിച്ച് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഇണചേരുന്ന സീസണിലും മറ്റും നായ്ക്കള്‍ കടിപിടി കൂടിയുണ്ടാകുന്ന മുറിവാണിതെന്ന് കണ്ടെത്തിയത്.
ഹൈവേ കൊള്ളക്കാരനും ക്വട്ടേഷന്‍ ഗുണ്ടാസംഘത്തലവനായ കോടാലി ശ്രീധരന്‍, വാഹനമോഷ്ടാവ് വീരപ്പന്‍ റഹീം എന്നിവരെ സാഹസികമായി പിടികൂടിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി വ്യാപിച്ചിരുന്ന കോടാലി ശ്രീധരന്റെ ഹൈവേ കൊള്ള സംഘത്തെ പിടികൂടിയതോടെ മോഹനചന്ദ്രന് ഭീഷണിയുണ്ടായിരുന്നു. മോഹനചന്ദ്രനെ അപായപ്പെടുത്താന്‍ ക്വാട്ടേഷന്‍ നല്‍കിയതും പോലീസ് പിടികൂടി. നിലമ്പൂര്‍ വനത്തില്‍ പോലീസും മാവോയിസ്റ്റുകളുമായുണ്ടായ വെടിവെപ്പിലും പോലീസ് സംഘത്തില്‍ മോഹനചന്ദ്രനുണ്ടായിരുന്നു.
ആദിവാസി കോളനികളില്‍ ബോധവല്‍ക്കരണവും പ്രചരണവും നടത്തി ആദിവാസികള്‍ മാവോയിസ്റ്റ് ആശയത്തിലേക്ക് വഴിമാറാതിരിക്കാനുള്ള മുന്‍കരുതലും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയും മലപ്പുറം ഇന്റലിജന്‍സ് ഡി.വൈ.എസ്.പിയുമായിരിക്കെ സ്വീകരിച്ചും ശ്രദ്ധേയനായി.
നൂറോളം ഗുഡ് സര്‍വീസ് എന്‍ട്രികളും വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍, കുറ്റാന്വേഷണ മികവിന് സംസ്ഥാന പോലീസ് ചീഫിന്റെ ബാഡ്ജ് ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ നിര്‍മല നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ അധ്യാപികയാണ്. മൂത്തമകള്‍ അപര്‍ണ മോഹന്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി. ഇളയ മകള്‍ നന്ദന മോഹന്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയാണ്.

Sharing is caring!