ജീവിതമാണ് ലഹരി: ലഹരിമുക്ത തീരദേശമെന്ന സന്ദേശവുമായി ഫുട്‌ബോള്‍ മത്സരം

ജീവിതമാണ് ലഹരി: ലഹരിമുക്ത തീരദേശമെന്ന സന്ദേശവുമായി ഫുട്‌ബോള്‍ മത്സരം

മലപ്പുറം: തീരദേശ താലൂക്കുകളെ ലഹരി വിമുക്തമാക്കുന്നതിനായി ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി എക്‌സൈസ് വകുപ്പ്. എക്‌സൈസ് വകുപ്പിന് കീഴിലെ വിമുക്തി മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് തിരൂര്‍ എഴൂരിലെ മഡ് ടര്‍ഫില്‍ ലഹരിക്കെതിരെ പോരാട്ടത്തിനിറങ്ങിയത്. ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാംപെയിനിന്റെ ഭാഗമായ രണ്ട് കോടി ഗോള്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തിയാണ് തീരദേശ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്തു. വിമുക്തി മാനേജറും എക്‌സൈസ് കമ്മീഷണറുമായ വേലായുധന്‍ കുന്നത്ത് അധ്യക്ഷനായിരുന്നു. മത്സരത്തില്‍ സംജയ് പറവണ്ണ വിജയികളായി. അറഫ താനൂര്‍ ആണ് റണ്ണര്‍ അപ്പ്.

തീരദേശ മേഖലകളായ തിരൂരങ്ങാടി താലൂക്കിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, പരപ്പനങ്ങാടി നഗരസഭ, തിരൂര്‍ തൂലൂക്ക് പരിധിയിലെ തിരൂര്‍, താനൂര്‍ നഗരസഭകള്‍, വെട്ടം, നിറമരുതൂര്‍, പുറത്തൂര്‍, മംഗലം ഗ്രാമ പഞ്ചായത്തുകള്‍, പൊന്നാനി താലൂക്കിലെ പൊന്നാനി നഗരസഭ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി, തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജു ജോസ്, റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ടി. രഞ്ജിത് കുമാര്‍, ആര്‍. അജിരാജ്, വിമുക്തി കോര്‍ഡിനേറ്റര്‍ ഗാഥ എം.ദാസ്, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

Sharing is caring!