കാലില്‍ സെല്ലോടേപ്പ്ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ച് എം.ഡി.എം.എ കടത്ത് രണ്ടു പേര്‍ മലപ്പുറത്ത് പിടിയില്‍

കാലില്‍ സെല്ലോടേപ്പ്ചുറ്റി  അതിനുള്ളില്‍ ഒളിപ്പിച്ച്  എം.ഡി.എം.എ കടത്ത് രണ്ടു പേര്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് 103 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി രണ്ടു പേര്‍ പാണ്ടിക്കാട് പോലീസിന്റെ പിടിയില്‍.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ഫറൂഖ് (41), പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍ (29) എന്നിവരാണ് കാര്‍ സഹിതം പാണ്ടിക്കാട് സി.ഐ.റഫീഖ് ,എസ്.ഐ. അബ്ദുള്‍ സലാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഉമ്മര്‍ഫറൂഖിന്റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എം.ഡി.എം.എ കടത്തിയിരുന്നത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത്ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിലായിരുന്നു പരിശോധന .വധശ്രമക്കേസുള്‍പ്പടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലും ലഹരിക്കടത്ത് കേസുകളിലും പ്രതിയായ ഉമ്മര്‍ഫറൂഖ് മാസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പാലക്കാട് ,മലപ്പുറം ജില്ലകളിലേക്ക് എംഡിഎംഎ,ബ്രൗണ്‍ഷുഗര്‍ തുടങ്ങിയവ കടത്തുന്ന മുഖ്യകണ്ണിയാണ് ഉമ്മര്‍ഫറൂഖ് .സംഘത്തിലെ സ്ത്രീകളുള്‍പ്പടെയുള്ള മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്.പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍,സി.ഐ.റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് പോലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Sharing is caring!