മലപ്പുറത്ത് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തത് 130പേര്‍ക്ക്
മലപ്പുറം: മലപ്പുറത്ത് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തത് 130പേര്‍ക്ക്. സംഭവം ഗൗരമായി കണ്ടിട്ടുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര് രേണുക അറിയിച്ചു. ആദ്യഘട്ടത്തില്‍ കല്പകഞ്ചേരിയിലെ 25കുട്ടികള്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തുടര്‍ന്നാണു കല്പകഞ്ചേരിക്കുപുറമെ തിരൂര്‍ പ്രദേശത്തും വ്യാപകമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്്. ആദ്യഘട്ടം റിപ്പോര്‍ട്ട് ചെയ്ത കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. വാക്സിന് എടുത്ത മൂന്ന് കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായെങ്കിലും വളരെ നിസാരമായ ലക്ഷണങ്ങളണ് ഉണ്ടായത്. ഇത് പ്രതിരോധകുത്തിവെപ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും പ്രതിരോധകുത്തിവെപ്പുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ വീണ്ടും വര്‍ധിച്ചുവരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മലപ്പുറം കുട്ടികളുടെ പ്രതിരോധകുത്തിവെപ്പുകളില്‍ വളരെ പിന്നിലായിരുന്ന ജില്ല തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ ആരോഗ്യവകുപ്പിന്റെയും മറ്റിതര വകുപ്പുകളുടെയും ശ്രമഫലമായി സ്ഥിതി മെച്ചപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ജില്ല ഈ കാര്യത്തില്‍ പിന്നാക്കം പോകുന്ന അവസ്ഥയായി. ഇതിന്റെ ഫലമായി കുത്തിവെപ്പ് കൊണ്ട് തടയാവുന്ന രോഗങ്ങളായ മീസല്‍സ് (അഞ്ചാം പനി), തൊണ്ടമുള്ള് തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജില്ലയില്‍ സമീപ കാലത്ത് റിപ്പോര്‍ട്ട് ചെയ്ത മീസല്‍സ് കേസുകളില്‍ ഭൂരിഭാഗവും മുതിര്‍ന്ന കുട്ടികളിലും കൗമാര പ്രായക്കാരിലും ആണെന്നുള്ളത് പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു. രോഗബാധ ഉണ്ടായവരില്‍ ആയിരത്തില്‍ ഒരാള്‍ക്ക് രോഗം തലച്ചോറിനെ ബാധിച്ച് സ്ഥിരമായ ക്ഷതം ഉണ്ടാക്കുന്നു. കൂട്ടാതെ ആയിരത്തില്‍ ഒന്ന് മുതല്‍ മൂന്നു പേര് വരെ മരണപ്പെടാന്‍ സാധ്യതയും ഉണ്ട്. രോഗം ബാധിച്ചവരില്‍ അന്ധതയും ഗുരുതരമായ വയറിളക്കവും ന്യുമോണിയയും ഉണ്ടാകുവാനും അത് വഴി ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. അഞ്ചു വയസില്‍ താഴെ ഉള്ള കുട്ടികള്‍, 20 വയസിനു മേല്‍ പ്രായം ഉള്ളവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഈ രോഗബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
വായുവിലൂടെ പകരുന്ന ഈ രോഗം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം രണ്ട് ഡോസ് മീസല്‍സ് കുത്തിവെപ്പ് എടുക്കുക എന്നത് മാത്രമാണ്. കുഞ്ഞുങ്ങള്‍ക്ക് ആദ്യകുത്തിവെപ്പ് ഒന്‍പത് മാസം പൂര്‍ത്തിയാകുമ്പോഴും രണ്ടാമത്തെ ഡോസ് 15 മാസം പൂര്‍ത്തിയാകുമ്പോഴും എടുക്കണം. ഇത് വരെ എടുക്കാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു മാസത്തെ ഇടവേളയില്‍ മീസല്‍സ് അടങ്ങിയ വാക്സിനുകള്‍ എടുത്താല്‍ പ്രതിരോധ ശേഷി ലഭിക്കും. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് എല്ലാവരും വാക്സിനേഷന് എടുക്കണമെന്ന് ജില്ലാ മെഡിക്കര്‍ ഓഫീസര്‍ അറിയിച്ചു.
ഇതോടനുബന്ധിച്ചു വാക്സിഷേനും വ്യാപകമായി നടത്തുന്നുണ്ട്.അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന് നിരക്ക് 70 ശതമാനത്തില്‍ കുറഞ്ഞ ബ്ലോക്കുകളിലാണ് ആദ്യ ഘട്ടത്തില്‍ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. അധ്യാപകരുടെയും എന്‍.എസ്.എസ്, എസ്.പി.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തുടങ്ങിവയുടെയും സഹകരണത്തോടെ, വാക്സിനേഷന് നടത്താത്ത കുട്ടികളെ കണ്ടെത്തും. രക്ഷിതാക്കളെയും ബോധവത്കരിക്കും. അധ്യാപകരും വിദ്യാര്‍ഥികളും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പനി ബാധിച്ച കുട്ടികളെ സ്കൂളില്‍ അയക്കരുത്. പനിയും അഞ്ചാംപനി ലക്ഷണങ്ങളും കാണിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പു് അധികൃതര്‍ക്ക് കൈമാറാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കല്പകഞ്ചേരി പഞ്ചായത്തിലെ സ്കൂളുകളില്‍ പി.ടി.എ യോഗം ചേരും.
രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ ആരോഗ്യവകുപ്പ്, ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ദിവസേന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലാതലത്തില്‍ ഡി.എം.ഒ, ജില്ലാ വികസന കമ്മീഷണര്‍ എന്നിവരുടെയും നേതൃത്വത്തില്‍ ദിവസേന അവലോകന യോഗം നടത്തും. വാക്സിനേഷന് ക്യാമ്പിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കാന്‍ ശക്തമായ ബോധവത്കരണം നടത്തും. ജില്ലയില്‍ നിലവില്‍ നൂറോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എം.ആര് വാക്സിന് 14400 ഡോസും വിറ്റാമിന്‍ എ 80000 ഡോസും ജില്ലയില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു.
കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ വി.ആര് പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലും തീരുമാനിച്ചിരുന്നു. വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും രോഗപ്രതിരോധത്തിനുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, നെഹ്റു യുവക് കേന്ദ്ര , അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കൂട്ടായ പ്രവര്‍ത്തനം നടത്തും.
എന്താണ് അഞ്ചാം പനി എങ്ങനെ പ്രതിരോധിക്കാം.
പാരാമിക്സോ വൈറസ് വിഭാഗത്തില്‍ പെടുന്ന മോര്‍ബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടില്‍ ആറു മാസം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്.
എന്തൊക്കെയാണ് ലക്ഷണങ്ങള്‍?
പനിയാണ് ആദ്യത്തെ ലക്ഷണം. കുടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകള്‍ കാണപ്പെടും.അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയു ണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സി ച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണം വരെ സംഭവിക്കാം.
എങ്ങനെയാണ് രോഗം പകരുന്നത്?
അസുഖമുള്ള ഒരാളുടെ കണ്ണില്‍ നിന്നുള്ള സ്രവത്തില്‍ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം. മുഖാമുഖം നമ്പര്‍ക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടായ 90 ശതമാനം ആള് ക്കാര്‍ക്കും അഞ്ചാം പനി പിടിപെടാം.
അഞ്ചാം പനി കാരണം
ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകള്‍?
അഞ്ചാം പനി കാരണം എറ്റവും കൂടുതല്‍ ഉണ്ടാകുന്ന പ്രശ്നം വയറിളക്കത്തിന്റെ ഭാഗമായുള്ള നിര്‍ജലീകരണവും ചെവിയില്‍ പഴുപ്പും (Otitis Media) ആണ്. ഈ പഴുപ്പ് യഥാവിധം ചികില്‍സിച്ചില്ലെങ്കില്‍ മെനിഞ്ചിറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിന്‍ എ യുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസ കോശ രോഗങ്ങളും ഈയസുഖത്തിന്റെ ഭവിഷ്യത്തുകളാണ്.
എന്നിരുന്നാലും അഞ്ചാം പനി കാരണമുള്ള മരണങ്ങള് സംഭവിക്കുന്നതിന്റെ പ്രധാന വില്ലന്‍ ന്യുമോണിയ തന്നെ. തത്കാലം വലിയ കുഴപ്പങ്ങളില്ലാതെ ഭേദമായാലും അഞ്ചാം പനി അസുഖം വന്നു 7-10 വര്‍ഷങ്ങള്‍ കഴിഞ്ഞാലും തലച്ചോറിനെ ബാധിക്കുന്ന സബ് അക്യൂട്ട് സ്ക്ലിറോസിങ് എന്‍സെഫലൈറ്റിസ് (Subacute Sclerosing Encephalitis) മരണകാരണമാകാം. ആളുടെ സ്വഭാവത്തില്‍ ക്രമേണയുണ്ടാകുന്ന വ്യതിയാനങ്ങള്‍, പഠനത്തില്‍ പെട്ടെന്ന് പിറകോട്ടു പോകുക, ദേഷ്യവും വാശിയും കൂടുതലുണ്ടാവുക എന്നിവയില്‍ തുടങ്ങി ശരീരം മുഴുവന്‍ ബലം പിടിക്കുന്ന അവസ്ഥയിലേക്ക് പോയി അബോധാവസ്ഥയും ശ്വാസമെടുക്കാന്‍ വെന്റിലേറ്റര്‍ സഹായവും ഒക്കെയായി മിക്കവാറും മരണത്തിലേക്ക് വഴുതിവീഴാന്‍ സാധ്യതയേറെയാണ്.
മീസില്‍സ് കുത്തിവെപ്പ് എടുക്കാത്ത 5 വയസ്സിനു താഴെയുള്ളവര്‍ 20 വയസിനു മുകളി ലുള്ളവര്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ ചപ്പട്ട ഗുരുതരമാവാന്‍ സാധ്യത ഉള്ളവര്‍ ആണ്. രോഗം ബാധിക്കുന്ന കുട്ടികളില്‍ നിന്ന് ഇത്തരം ആളുകളിലേക്ക് രോഗം പകരുന്നതിനും അത് വഴി അവര്‍ ഗുരുതരാവസ്ഥയിലാകുന്നതിനും സാധ്യതയുണ്ട്.
മീസല്‍സ് രോഗബാധ ഉണ്ടാകുന്നവരില്‍ 20 മുതല്‍ 72% കുട്ടികളില്‍ വയറിളക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നുമാത്രമല്ല ഒരു വയസ്സിന് മുമ്പ് ഉണ്ടാകുന്ന വയറിളക്ക രോഗങ്ങളില്‍ 8% ഉണ്ടാകുന്നത് മീസില്‍സ് രോഗബാധ മൂലമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടാതെ മീസില്‍സ് രോഗബാധ ഉണ്ടാകുന്നവരില്‍ പത്തില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ ചെവിക്ക് അണുബാധ ഉണ്ടാകാനും 20ലൊരാള്‍ക്ക് എന്ന കണക്കില്‍ ന്യൂമോണിയ ഉണ്ടാകാനും സാധ്യതയുണ്ട്.
ഇതൊക്കെ തടയാന്‍ എന്ത് ചെയ്യാന്‍ കഴിയും?
അതിനാണ് നമ്മുടെ രക്ഷാകവചമായ പ്രതിരോധ കുത്തിവെപ്പുകള്‍. കുത്തിവെപ്പ് പട്ടിക പ്രകാരം കുട്ടിക്ക് 9 മാസം തികയുമ്പോള്‍ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിന്‍ എ തുള്ളികളും നല്‍കണം.
രണ്ടാമത്തെ ഡോസ് ഒന്നരവയസ്സ് മുതല്‍ രണ്ടുവയസ്സാവുന്നത് വരെയുള്ള പ്രായത്തില്‍ ചെയ്യാം. ( MR /MMR കുത്തിവെപ്പ് ആയി ) വലതു കൈയിലാണ് ഈ കുത്തിവെപ്പ്.ഒരു ഉറുമ്പരിക്കുന്ന വേദന. അത്രേയുള്ളൂ. വളരെ അപൂര്‍വമായി കുത്തിവെപ്പിന് ശേഷം ചെറിയ പനിയോ ദേഹത്തു പൊടുപ്പോ ഉണ്ടാകാം. തീര്‍ത്തും പേടിക്കേണ്ടാത്തവ. രണ്ടു ഡോസ് വാക്സിന് 97 % പ്രോട്ടക്ഷന്‍ നല്‍കും.
മീസില്‍സ് ബാധിച്ച ആയിരത്തില്‍ 3 കുട്ടികള്‍ മരണപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.
പ്രതിരോധ കുത്തിവെപ്പുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ മൂലം ആളുകള്‍ മരിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നും എല്ലാവരും പ്രതിരോധ കുത്തിവെപ്പ് പരിപാടികളുമായി സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]