മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം മാര്‍ച്ച് 10ന് ചെന്നൈയില്‍. ലോഗോ പ്രകാശനം ചെയ്തു

മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം മാര്‍ച്ച് 10ന് ചെന്നൈയില്‍. ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷിക പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ലോഗോ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. മലപ്പുറം ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി നന്ദിയും പറഞ്ഞു. 2023 മാര്‍ച്ച് 10ന് ചെന്നെയിലാണ് മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം നടക്കുക. സ്വതന്ത്ര ഭാരതത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച പഴയ മദിരാശി നഗരത്തില്‍ ഇന്നത്തെ ചെന്നൈയിലാണ് ജൂബിലി ആഘോഷങ്ങള്‍. ചരിത്രത്തിന്റെ ശൂന്യതയില്‍ നിന്ന് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ അഭിമാനകരമായ അസ്തിത്വം ലക്ഷ്യമായി പ്രഖ്യാപിച്ച് നടത്തിയ ചരിത്ര പ്രയാണം ആരംഭിച്ച രാജാജി ഹാളില്‍ 2023 മാര്‍ച്ച് 10 ന് രാവിലെ മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ അത് ചരിത്രത്തിന്റെ പുനരാവിഷ്‌കാരമാകും. വൈകുന്നേരം ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തി ചെന്നൈ മറീന ബീച്ചില്‍ മഹാറാലി സംഘടിപ്പിക്കും. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍ സംബന്ധിക്കും.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ആസാം, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിള്‍നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ സെമിനാറുകളും വൈവിധ്യമായ പരിപാടികളും സംഘടിപ്പിക്കും. വര്‍ത്തമാനകാല ഇന്ത്യയിലെ ഫാസിസ്റ്റ് വെല്ലുവിളികളും ജനാധിപത്യ പ്രതിരോധത്തിന്റെ സാധ്യതകളും സെമിനാറുകളില്‍ ചര്‍ച്ചയാകും. യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.റ്റി.യു, വനിത ലീഗ്, ലോയേര്‍സ് ഫോറം, കര്‍ഷക സംഘം ദേശീയ ഘടകങ്ങളും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഏഴര പതിറ്റാണ്ടുകാലത്തെ മഹത്തായ അതിജീവന രാഷ്ട്രീയത്തിന്റെ മാതൃകയെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ കര്‍മ്മ പരിപാടികള്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയ മോഡല്‍ ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനും മുസ്ലിം ന്യുനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ പൊതു ശബ്ദമായി രാജ്യമെമ്പാടും മുസ്ലിം ലീഗിനെ ശക്തമാക്കാനുമുള്ള അവസരമായി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയെന്ന് ദേശീയ പ്രസിഡന്റ് കെ എം ഖാദര്‍ മൊയ്തീനും ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ദേശീയ ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, വൈസ് പ്രസിഡന്റ് അബ്ദുള്‍ സമദ് സമദാനി എംപി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ.എം.കെ മുനീര്‍, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ എം മുഹമ്മദ് അബൂബക്കര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി.പി ചെറിയ മുഹമ്മദ്, അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, പി ഉബൈദുല്ല എം എല്‍ എ, ദേശീയ അസി: സെക്രട്ടറിമാരായ സി.കെ സുബൈര്‍, എം.പി മുഹമ്മദ് കോയ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: വി.കെ ഫൈസല്‍ ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ജനറല്‍ സെക്രട്ടറി മുഹമ്മദ് അര്‍ഷദ് പ്രസംഗിച്ചു.

Sharing is caring!