ഹണി ട്രാപ്പില്‍ കുടുങ്ങിയത് മലപ്പുറത്തെ 68കാരനായ മുന്‍ജനപ്രതിനിധി

ഹണി ട്രാപ്പില്‍ കുടുങ്ങിയത് മലപ്പുറത്തെ 68കാരനായ മുന്‍ജനപ്രതിനിധി

തിരൂര്‍: ഹണി ട്രാപ്പില്‍ കുടുങ്ങിയത് മലപ്പുറത്തെ 68കാരനായ മുന്‍ജനപ്രതിനിധി. അറുപത്തിയെട്ടുകാരനായ മുന്‍ ജനപ്രതിനിധിയെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ കൈക്കലാക്കിയ സംഭവത്തില്‍ വ്ളോഗറും ഭര്‍ത്താവും അറസ്റ്റില്‍. താനൂര്‍ സ്വദേശിനി റാഷിദ, ഭര്‍ത്താവ് നാലകത്ത് നിഷാദ് എന്നിവരെയാണ് കല്‍പ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പല തവണകളായി യുവതിയും ഭര്‍ത്താവും ചേര്‍ന്ന് 23 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. മലായ് മല്ലു എന്ന യു ട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്യുന്നവരാണ് പ്രതികള്‍. തിരൂര്‍ സ്വദേശിയില്‍ നിന്ന് തട്ടിയ പണമുപയോഗിച്ച് ആഢംബര ജീവിതം നയിച്ച് വരികയായിരുന്നു.

ഫെയ്സ്ബുക്കിലൂടെയാണ് റാഷിദ തിരൂരിനടുത്ത പഞ്ചായത്തിലെ 68കാരനുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് ബന്ധം ദൃഢമാക്കി. ഇവര്‍ താമസിക്കുന്ന ആലുവയിലേക്ക് ഇയാളെ ക്ഷണിച്ച് വരുത്തി ഫോട്ടോയും വീഡിയോയും കൈയിലുണ്ടെന്ന് പറഞ്ഞ് കൂടുതല്‍ പണം ആവശ്യപ്പെട്ടു. ഇതിനുള്ള സൗകര്യങ്ങളെല്ലാം നിഷാദൊരുക്കി. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി പണം വാങ്ങിത്തുടങ്ങിയത്. പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

68കാരന്റെ സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയ കുടുംബം ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെയാണ് വിവരം പുറത്തായത്. അക്കൗണ്ടിലൂടെയായിരുന്നു പണമിടപാട് നടന്നിരുന്നത്. തുടര്‍ന്ന് കല്‍പ്പകഞ്ചേരി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് റാഷിദയെയും നിഷാദിനെയും പിടികൂടിയത്. നിഷാദിനെ കോടതി റിമാന്‍ഡ് ചെയ്തു. ആറ് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ളത് കണക്കിലെടുത്ത് റാഷിദയ്ക്ക് കോടതി ഇടക്കാല ജാമ്യം നല്‍കി.

Sharing is caring!