പുറത്തൂർ തോണി ദുരന്തം: ആശ്രിതർക്കുള്ള സഹായധനം മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും – മന്ത്രി കെ. രാജൻ

പുറത്തൂർ തോണി ദുരന്തം: ആശ്രിതർക്കുള്ള സഹായധനം മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും – മന്ത്രി കെ. രാജൻ

പുറത്തൂർ തോണി ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായധനം അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾക്ക് അന്തിമോപചാരമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തര ധനസഹായം അനുവദിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സംഭവത്തെക്കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. തോണി ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രിമാരുൾപ്പടെ ജനപ്രതിനിധികൾ ആശ്വസിപ്പിച്ചു. കായിക -ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, എം.എൽ.എമാരായ ഡോ. കെ.ടി ജലീൽ, കുറുക്കോളി മൊയ്തീൻ, തിരൂർ നഗരസഭ അധ്യക്ഷ എ.പി നസീമ, പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ഒ ശ്രീനിവാസൻ, എ.ഡി.എം എൻ.എം മെഹറലി, സബ് കലക്ടർ സച്ചിൻ കുമാർ യാദവ്, തഹസിൽദാർ പി. ഉണ്ണി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഭാരതപ്പുഴയിൽ ഇന്നലെ (നവംബർ 19) ഉച്ചയോടെ കക്ക വരാൻ പോയ നാല് സ്ത്രീകളുൾപ്പെടുന്ന ആറംഗ സംഘമാണ് കരയിലേക്ക് മടങ്ങുന്നതിനിടെ തോണി മുങ്ങി ഒഴുക്കിൽപ്പെട്ടത്. സംഭവത്തിൽ നാല് പേരാണ് മരണപ്പെട്ടത്. ഇട്ടികപ്പറമ്പിൽ അബ്ദുൽ സലാം (55), കുഴിയിനി പറമ്പിൽ അബൂബക്കർ (65), ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്. രക്ഷപ്പെട്ട ചക്കിട്ടപറമ്പിൽ ബീപാത്തു (62), കുറുങ്ങാട്ട് റസിയ (40) എന്നിവർ ചികിത്സയിൽ തുടരുന്നു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

ജില്ലാ പഞ്ചായത്തംഗങ്ങളായ ഫൈസൽ എടശ്ശേരി, ഇ. അഫ്സൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത പുളിക്കൽ, നഗരസഭ ഉപാധ്യക്ഷൻ പി.രാമൻകുട്ടി, ഡപ്യൂട്ടി കലക്ടർ പി. മുരളി, അർബൻ ബാങ്ക് ചെയർമാൻ ഇ. ജയൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ കൃഷ്ണദാസ്, അഡ്വ. പി. ഹംസക്കുട്ടി, അഷ്റഫ് കോക്കൂർ, അഡ്വ. പി. നസ്റുള്ള, ഇബ്രാഹിം മുതൂർ, എം. അബ്ദുള്ളക്കുട്ടി എന്നിവരും തിരൂർ ജില്ലാ ആശുപത്രിയിൽ സന്നിഹിതരായിരുന്നു.

Sharing is caring!