ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം മുസ്‌ലിംലീഗ് സമരത്തിലേക്ക്

ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം   മുസ്‌ലിംലീഗ് സമരത്തിലേക്ക്

മലപ്പുറം: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയെന്നും സർക്കാർ നിസ്സംഗത വെടിഞ്ഞ് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപടണമെന്നും മുസ്‌ലിംലീഗ്
വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവമ്പർ 21ന് തിങ്കളാഴ്ച്ച സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് ഉന്നതാധികാര സമിതിയംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും സംയുക്ത യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ ക്രമാതീതമായ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രമല്ല നിര്‍മ്മാണ സാമഗ്രികള്‍ക്കും കുത്തനെ വിലകൂടി. ഇതോടെ നിര്‍മ്മാണ മേഖലയും സ്തംഭിച്ചു. സാധാരണക്കാര്‍ക്ക് ജോലിയില്ലാത്ത അവസ്ഥ. അവര്‍ പട്ടിണിയിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ നിശബ്ദരാണ്. അലസമനോഭാവമാണ് സര്‍ക്കാറിന്റേത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധകാണിക്കുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി മുഖേന 6250 കോടി രൂപ ചിലവില്‍ പുതിയ തീരദേശ ഹൈവേ ഉണ്ടാക്കാനുള്ള പദ്ധതിയിലാണ് ഇടത് സര്‍ക്കാര്‍. തീരദേശത്ത് നിലവിലുള്ള പാത വീതി കൂട്ടി വിപുലീകരിച്ച് അതുതന്നെ തീരദേശ ഹൈവെയാക്കുക്കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കടല്‍ തീരത്തുനിന്നും അഞ്ഞൂറോളം മീറ്റര്‍ മാത്രം ദൂരപരിധിയിലുള്ള നിലവിലുള്ള പാത നിലനിര്‍ത്തികൊണ്ട് കടലിന്റേയും നിലവിലെ പാതയുടെയും ഇടയിലൂടെയാണ് പുതിയ തീരദേശ ഹൈവെ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുകയാണ്. തീരദേശത്ത് താമസിക്കുന്ന പതിനായിങ്ങളെ കുടിയൊഴിപ്പിച്ചായിരിക്കും സര്‍ക്കാറിന്റെ പുതിയ പദ്ധതി. സമൂഹത്തിന്റെ ഏറ്റവും അവശത അനുഭവിക്കുന്ന പിന്നാക്കം നില്‍ക്കുന്നവരാണ് തീരദേശത്ത് വസിക്കുന്നവര്‍. അവരെ കുടിയൊഴിപ്പിച്ചുളള പദ്ധതികള്‍ വലിയ പ്രയാസം സൃഷ്ടിക്കും. മത്സ്യ ലഭ്യതയുടെ കുറവുകാരണം തൊഴില്‍ രംഗത്ത് തന്നെ വലിയ രീതിയില്‍ പ്രതിസന്ധി നേരിടുന്ന തീരദേശത്തുകാര്‍ക്ക് പുതിയ തീരദേശ ഹൈവെ കൂടുതല്‍ ദുരതിത്തിലേക്കാണ് തള്ളിവിടുക. തീരദേശ ഹൈവെക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ദേശീയ പാതയുടെ മാതൃകയില്‍ മാന്യമായ നഷ്ടപരിഹാരം നല്‍കണമെന്നും തീരദേശ വാസികളോട് ചര്‍ച്ച ചെയ്ത് അവരുടെ കൂടി അനുവാദത്തോടെ മത്രമേ പാത അനുവദിക്കുകയൊള്ളുവെന്നും അദ്ദേഹം പറഞ്ഞു. പഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരില്‍ ഒളിയജണ്ടകള്‍ അനുവദിക്കില്ല. ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ പ്രശ്‌നം ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ മുസ്‌ലീംലീഗ് അന്നു തന്നെ ശക്തമായി എതിര്‍ത്തു. സര്‍ക്കാറിന് ഒടുവില്‍ പിന്മാറേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ വിദ്യാലയങ്ങളില്‍ പി.ടി.എ വിളിച്ചുചേര്‍ത്ത് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് അനുകൂല സാഹചര്യം ഉണ്ടാക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. കേരളത്തിലെ വിദ്യാലയങ്ങളിലെ ധാര്‍മ്മിക അന്തരീക്ഷങ്ങള്‍ക്ക് വലിയ കോട്ടം സംഭവിപ്പിക്കും. കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ ധാര്‍മ്മികവും മൂല്യബോധവും നഷ്ടമാകുമെന്ന ആശങ്കനിലനില്‍ക്കുന്നു. ഇത്തരം ശ്രമങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം. മുഖ്യമന്ത്രി നല്‍കിയ വാഗ്ദനം പാലിക്കണം. വിശദമായ ചര്‍ച്ചക്ക് മുഖ്യമന്ത്രിയും സര്‍ക്കാറും തയ്യാറാകണമെന്നും പിഎംഎ സലാം പറഞ്ഞു. നവംബര്‍ ഒന്നിന് ആരംഭിച്ച് 30ന് അവസാനിക്കുന്ന മുസ്‌ലിംലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. വിവിധ ജില്ലകളിലെ പ്രവര്‍ത്തനം യോഗം വിലയിരുത്തി. കൂടുതല്‍ ശക്തമായി സജീവമായി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചെ്ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെയാണ് കണ്ടിരിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റും കോണ്‍ഗ്രസ് ദേശീയ സംസ്ഥാന നേതാക്കളും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളോട് വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശത്തില്‍ അ്‌ദ്ദേഹവും നേതാക്കളും ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ കോണ്‍ഗ്രസ് ആണ് പറയേണ്ടതെന്നും മുസ്‌ലിംലീഗ് അഭിപ്രായം പറഞ്ഞുകഴിഞ്ഞെന്നും പി.എം.എ സലാം പറഞ്ഞു. ഇടതു സര്‍ക്കാറിന്റെ ഭരണത്തില്‍ ധാരാളം അനധികൃത നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി രാജ്ഭവനിലെത്തി കണ്ണൂര്‍ വി.സിക്ക് വേണ്ടി ശുപാര്‍ശ ചെയ്ത കാര്യം ഗവർണർ തന്നെയാണ് പുറത്തുവിട്ടതാണെന്നും അ്ഭ്യസ്ഥ വിദ്യരായ യുവ തലമുറയോട് സിപിഎം ചെയ്യുന്നത് കൊടും ചതിയാണെന്നും പിഎംഎ സലാം പറഞ്ഞു.
മലപ്പുറം മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. എം. എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രസംഗം നടത്തി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം പി, ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എം പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദു സമദ് സമദാനി എം. പി,ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ്, ഡോ. എം. കെ മുനീര്‍, സംസ്ഥാന ഭാരവാഹികളായ ടി. പി. എം സാഹിര്‍, സി. എ. എം. എ കരീം, പ്രൊഫ്. ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍. എ, അഡ്വ. എന്‍ ഷംസുദ്ധീന്‍ എം. എല്‍. എ, ടി. എം സലീം, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എം ഷാജി , സി. എച്ച് റഷീദ്, സി.പി ചെറിയ മുഹമ്മദ്, പി. എം സാദിഖലി, ഷാഫി ചാലിയം ചര്‍ച്ചയില്‍ പങ്കെടുത്തു.

Sharing is caring!