മലപ്പുറം പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് അക്രമണത്തില്‍ യുവതി മരിച്ചകേസില്‍ ഭര്‍ത്താവിനെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ചെയ്യും

മലപ്പുറം പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ്  അക്രമണത്തില്‍ യുവതി മരിച്ചകേസില്‍  ഭര്‍ത്താവിനെതിരെ കൊലപാതകത്തിന്  കേസ് രജിസ്റ്റര്‍ചെയ്യും

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് അക്രമണത്തില്‍ യുവതി മരിച്ചകേസില്‍ ഭര്‍ത്താവിനെതിരെ കൊലപാതകത്തിന്
കേസ് രജിസ്റ്റര്‍ചെയ്യും. ഭര്‍ത്താവ് ദേഹത്ത് ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയണ് മരിച്ചിരുന്നത്. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി ആലുംകുന്നിലെ മമ്പാടന്‍ മൊയ്തീന്‍ എന്ന ചെറിയോന്റെ മകള്‍ അഷാന ഷെറിന്‍ (27) ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിനാണ് ആക്രമണം നടന്നത്. ഭര്‍ത്താവായ വണ്ടൂര്‍ കൂരാട് സ്വദേശി ഷാനവാസുമായി കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി അകന്നു കഴിയുകയായിരുന്നു അഷാന ഷെറിന്‍. ഷാനവാസ് നേരത്തെ മാനസിക ചികിത്സക്ക് വിധേയനായിരുന്നു. വീട്ടിലേക്ക് തിരിച്ചു വരണമെന്ന ഭര്‍ത്താവിന്റെ ആവശ്യം നിരസിച്ചതാണ് അക്രമത്തിന് കാരണം. സംഭവ ദിവസം പുലര്‍ച്ചെ നാലുമണിയോടെ ചെമ്പ്രശ്ശേരിയിലുള്ള ഭാര്യ വീട്ടിലെത്തിയ ഷാനവാസ് ഓടു പൊളിച്ച് വീടിനകത്ത് അതിക്രമിച്ചു കയറുകയും ഭാര്യയുടെ തലക്ക് മുകളിലൂടെ ആസിഡ് ഒഴിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഷാനവാസിനും പൊള്ളലേറ്റു. കുട്ടികളെയും ആക്രമിക്കാന്‍ ശ്രമം നടന്നുവെങ്കിലും ബന്ധുകള്‍ ഇടപെട്ട് പിടിച്ചുമാറ്റുകയായിരുന്നു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച രാത്രി 11.30 ഓടെ മരണപ്പെടുകയായിരുന്നു. വധശ്രമത്തിന് കേസ്സെടുത്ത് ഷാനവാസിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഷാന ഷെറിന്‍ മരിച്ചതോടെ പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം കൊലപാതകത്തിന് കേസ്സെടുക്കും. പാണ്ടിക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ റഫീഖ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ആലുംകുന്ന് മന്‍ഹജ് സുന്ന ജുമാമസ്ജിദില്‍ ഖബറടക്കി. മക്കള്‍ : നദ്വ, നഹല്‍.

Sharing is caring!