പുല്ലാവൂരിലെ കട്ടൗട്ടുകള്‍ ലോകകപ്പിന്റെ ആവേശമായി കണ്ടാല്‍ മതിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

പുല്ലാവൂരിലെ കട്ടൗട്ടുകള്‍ ലോകകപ്പിന്റെ ആവേശമായി കണ്ടാല്‍ മതിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം: കൊടുവള്ളി പുല്ലാവൂരില്‍ സ്ഥാപിച്ച ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ട് ലോകകപ്പിന്റെ ആവേശമായി കണ്ടാല്‍ മതിയെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. കുറച്ചു ദിവസങ്ങള്‍ മാത്രം നീളുന്ന ഇത്തരം ആവേശങ്ങള്‍ ഇന്നോ ഇന്നലയോ തുടങ്ങിയതുമല്ല. ലോകം മുഴുവന്‍ ഏറ്റെടുത്ത ആ കട്ടൗട്ടുകള്‍ മലയാളിയുടെ ഫുട്ബോള്‍ ഭ്രാന്തിന്റെ അടയാളമായി ഈ സമയത്ത് അവിടെ തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് ഇത്തരം സന്തോഷങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നത് ഭൂഷണമാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെ ചൂണ്ടികാട്ടി അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തില്‍ തന്റെ നിലപാട് മന്ത്രി വ്യക്തമാക്കിയത്. സന്തോഷം തേടിയുള്ള യാത്രയിലാണ് ഓരോ മനുഷ്യനും. ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാകാം സന്തോഷം പകരുന്നത്. അതില്‍ മുന്‍പന്തിയിലാണ് ഫുട്ബോള്‍. വംശീയ-വര്‍ഗീയ-ലിംഗ-നിറ ഭേദമില്ലാതെ ഫുട്ബോള്‍ ആരാധകനായ ഓരോ മനുഷ്യനും സന്തോഷിക്കുന്ന വേളയാണ് ലോകകപ്പ് മത്സരം സമയമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ പല ഭാ?ഗത്തുമുള്ള ലോകകപ്പ് ആവേശം തന്നെയാണ് നമ്മുടെ നാട്ടിലും ഫുട്ബോള്‍ ആരാധകര്‍ക്കുള്ളത്. അത് പല രൂപത്തില്‍ ഓരോ ടീമിന്റെയും ആരാധകര്‍ വര്‍ഷങ്ങളായി ആഘോഷിക്കുന്ന നാടാണ് കേരളം. ആകാശത്തേക്കുയരുന്ന കട്ടൗട്ടുകളും, ഫ്ലെക്സുകളുമെല്ലാം നാട് നിറയുന്ന കാഴ്ച്ച ഫുട്ബോളെന്ന വികാരത്തിന്റെ പ്രത്യക്ഷ പ്രകടനങ്ങള്‍ മാത്രമാണ്. ഉള്ളില്‍ ഉറഞ്ഞ് പൊന്തുന്ന ലഹരി ഇതിലൊക്കെ എത്രയോ അപ്പുറമാണെന്ന് അത് അനുഭവിക്കുന്നവര്‍ക്കേ മനസിലാകൂവെന്നും മന്ത്രി പറഞ്ഞു. ലോകകപ്പ് ആവേശത്തിനൊപ്പം തന്നെ കരുതല്‍ വേണമെന്ന് കൂടി മന്ത്രി ആരാധകരെ ഓര്‍മിപ്പിച്ചു. ഫ്ലെക്സ് കെട്ടാന്‍ കയറിയ ബ്രസീല്‍ ആരാധകന്‍ വീണ് മരണപ്പെട്ട സംഭവം എടുത്ത് പറഞ്ഞതാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഫ്ലെക്സും, ബാനറുകളും, കട്ടൗട്ടുകളും വെക്കാന്‍ കയറുന്നവര്‍ അപകടങ്ങളെ കുറിച്ച് ബോധവാന്‍മാരാകണം. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലും സ്വീകരിക്കേണ്ടതുണ്ട്. ഒപ്പം ഉയരുന്ന കട്ടൗട്ടുകളും, ഫ്ലെക്സുകളും ലോകകപ്പ് കഴിയുന്നതോടെ നല്ല രീതിയില്‍ സംസ്‌ക്കരണം നടത്തുന്നതിനും ആരാധകര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

 

Sharing is caring!