മലപ്പുറത്ത് ഭര്‍ത്താവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ച് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി യുവതി ആത്മഹത്യചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറത്ത് ഭര്‍ത്താവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ച് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി യുവതി ആത്മഹത്യചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 26കാരിയായ മാതാവ് ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
ഭര്‍ത്താവിന് ”ഞങ്ങള്‍പോകുന്നുവെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച ശേഷമായിരുന്നു യുവതി കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യചെയ്തത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കുറ്റിപ്പാല സ്വദേശി റാഷീദലിയെ കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന് കാരണം ഭര്‍ത്താവുമായുള്ള പിണക്കമാണെന്നാരോപിച്ച് യുവതിയുടെ വീട്ടുകാര്‍ രംഗത്തുവന്നിരുന്നു. രണ്ട് പിഞ്ചു മക്കളെ കഴുത്തു മുറുക്കി കൊന്ന ശേഷമാണ് മാതാവ് ആത്മഹത്യ ചെയ്തത്. മലപ്പുറം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കുറ്റിപ്പാല ചെട്ടിയാം കിണറിനു സമീപമുള്ള വീട്ടിലാണ് കഴിഞ്ഞ ദിവസം നാടു നടുങ്ങിയ മരണമുണ്ടായത്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ചെട്ടിയാം കിണര്‍നാവുങ്ങത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്വ (26) മക്കളായ ഫാത്തിമ മര്‍സീ വ (നാല്) മറിയം (ഒന്ന്) എന്നിവരാണ് മരണപ്പെട്ടത്.വിദേശത്തായിരുന്ന റാഷിദ് അലി അടുത്തിടെയാണ് നാട്ടില്‍ വന്നത്.ഒരാഴ്ചയായി ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഉണ്ടായിരുന്നില്ലെന്ന് അറിയുന്നു.കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന സഫ്വയുടെ ഉമ്മയെ കാണാന്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയും സഫ്വയെ വേദനിപ്പിച്ചതായി പറയപ്പെടുന്നു.സംഭവ ദിവസം തലേന്ന് സഫ്വയും മക്കളും വേറെ ഒരു മുറിയിലാണ് കിടന്നത്.ഇന്നലെ പുലര്‍ച്ചെ നാലുമണിക്ക് സഫ്വ മറ്റൊരു മുറിയില്‍ കിടക്കുന്ന ഭര്‍ത്താവിന് ഞങ്ങള്‍ പോവുകയാണ് എന്ന ആത്മഹത്യാ സന്ദേശം വാട്സാപ്പ് വഴി അയച്ചിരുന്നു. അഞ്ചു മണിയോടെ റാഷിദ് അലി തന്നെയാണ് ഭാര്യയും മക്കളും മരിച്ച നിലയില്‍ കണ്ടത്. മക്കളെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊന്ന നിലയിലും സഫ്വയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടിരുന്നത്.
സംഭവത്തില്‍ കല്‍പ്പകഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, സഫ്വയും റാഷിദലിയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ അന്വേഷണത്തിനുള്ള കണ്ടെത്തല്‍. ഈ സംഭവത്തിലാണ് ഇപ്പോള്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.
ഇതിനുപുറമേ ഗാര്‍ഹിക പീഡനത്തിനും കേസെടുക്കും. ഭര്‍തൃ വീട്ടിലെ പീഡനമാണ് സഫ്വ ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയതെന്ന് നേരെത്തെ തന്നെ യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. പ്രതി യുവതിയെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ സഫ്വ മരണത്തിന് മുമ്പ് സഹോദരന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് അയച്ചു നല്‍കിയതായി കുടുബാംഗങ്ങള്‍ പറയുന്നു.

Sharing is caring!