മലപ്പുറം ചെറുമുക്ക് ആമ്പല്‍പാടത്ത് നെയ്മറിന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നു

മലപ്പുറം ചെറുമുക്ക് ആമ്പല്‍പാടത്ത് നെയ്മറിന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നു

മലപ്പുറം: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളം ഉയര്‍ത്തി മലപ്പുറം ചെറുമുക്ക് ആമ്പല്‍പാടത്ത് നെയ്മറിന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നു. ചെറുമുക്കിലെ ബ്രസീല്‍ ഫാന്‍സ് ആരാധകരാണ് 24 അടി ഉയരത്തിലുള്ള നെയ്മറിന്റെ കൂറ്റന്‍ കട്ടൗട്ട് ചെറുമുക്ക് പള്ളിക്കത്തായം ആമ്പല്‍ പാടത്ത് ഉയര്‍ത്തിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് മലപ്പുറത്തുകാര്‍ ഒട്ടും മോശക്കാരെല്ലെന്ന് പറഞ്ഞുകൊണ്ട് ഫാന്‍സുകാര്‍ കട്ടൗട്ട് സ്ഥാപിക്കാന്‍ തുടങ്ങിയത്. ചെറുമുക്ക് വയലില്‍ വിരിഞ്ഞു നില്‍ക്കുന്ന ആമ്പല്‍ പാടത്താണ് കട്ടൗട്ട് വെച്ചിരിക്കുന്നത്. ബ്രസീല്‍ ഫാന്‍സ് ചെറുമുക്ക് പ്രവാസി കൂട്ടായ്മയും പ്രദേശത്തെ ആരാധകരും ചേര്‍ന്നാണ് കട്ടൗട്ട് സ്ഥാപിച്ചത്. പി പി മുഹമ്മദാലി, സഫീര്‍, മുസ്തഫ ചെറുമുക്ക്, കെ ടി സുലൈമാന്‍, വി പി സലിം, പി നൗഷാദ്, കെ മജീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
2002 ല്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂര്‍ണമെന്റിന് ശേഷം ഏഷ്യയില്‍ നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. ഫുട്‌ബോള്‍ പ്രേമികളുടെ നാടെന്നാണ് മലപ്പുറം അറിയപ്പെടുന്നത്. രാത്രി ഏതു സമയത്ത് മത്സരം വെച്ചാലും ഒന്ന് കാണണം, ആഘോഷിക്കണം ഇതാണ് മലപ്പുറത്തെ ഫുട് ബോള്‍ പ്രേമികളുടെ രീതി.

 

Sharing is caring!