മലപ്പുറം പാണ്ടിക്കാട് ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

മലപ്പുറം പാണ്ടിക്കാട് ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാട് അമ്പലക്കള്ളി സ്വദേശി ഷഫ്നയെയാണ് ഭര്‍ത്താവ് ആക്രമിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും മാസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഇതിനിടയിലാണ് ഭര്‍ത്താവ് ഷാനവാസ് ഷഫ്നയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ശനിയാഴ്ച ആസിഡ് ആക്രമണം നടത്തിയത്.വീട്ടില്‍ കയറിയ പ്രതി യുവതിയുടെ ബെഡ്റൂമിന്റെ വാതില്‍ തുറന്ന് അകത്ത് കയറുകയായിരുന്നു. തുടര്‍ന്ന്, വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണ് പ്രതി യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. അയല്‍വക്കത്തെ വീട്ടിലെ കോണിയെടുത്ത് വീടിന്റെ ഓട് ഇളക്കിയാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്.ആക്രമണത്തില്‍ യുവതിയുടെ ശരീരത്തില്‍ അറുപത്തിയഞ്ചു ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് ഇടയില്‍ പ്രതി ഷാനവാസിനും പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവും ഇവിടെ തന്നെ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.
യുവതിയുടെ മുഖത്തും ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലുമാണ് പൊള്ളലേറ്റത്. അതേസമയം, വണ്ടൂര്‍ സ്വദേശിയായ ഭര്‍ത്താവ് ഷാനവാസ് മാനസിക രോഗത്തിന് ചികിത്സയും തേടിയിട്ടുണ്ട്. സംഭവത്തില്‍ പാണ്ടിക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Sharing is caring!