50ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ വാഗ്ദാനം നല്‍കിയത് അമ്പതിനായിരംരൂപ.

50ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ വാഗ്ദാനം നല്‍കിയത് അമ്പതിനായിരംരൂപ.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കോഴിക്കോട്  പുത്തൂര്‍  ഇരട്ടകുളങ്ങര ജാസറില്‍ നിന്നാണ് 1082 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാലു ക്യാപ്‌സൂളായി ഒളിപ്പിച്ചു കടത്തുകയായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് മാര്‍ക്കറ്റില്‍ 50.52 ലക്ഷം രൂപ വിലവരും. അരലക്ഷം രൂപയാണ്  ജാസിറിന് കള്ളക്കടത്ത് സംഘം വാഗാദാനം ചെയ്തിരുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍  സിനോയി കെ. മാത്യുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ട് എം.പ്രകാശ് , ഇന്‍സ്പെക്ടര്‍ കപില്‍ദേവ് സൂരിറ എന്നിവരാണ സ്വര്‍ണക്കടത്ത് പിടികൂടിയത്.
അതേ സമയം സമാനമായി മലാശയത്തില്‍  ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52ലക്ഷം രൂപയുടെ സ്വര്‍ണവുമായി 41കാരന്‍ കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്തവളത്തിന് പുറത്തുവെച്ചു പോലീസിന്റെ പിടിയിലായിരുന്നു.  ബെഹ്റൈനില്‍ നിന്നും സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു യുവാവ്. തുടര്‍ന്ന് കസ്റ്റംസ് പരിശോധനയില്‍ രക്ഷപ്പെട്ട 41കാരനെ പോലീസാണ് പിടികൂടിയത്.
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള വമ്പന്‍ സ്വര്‍ണ്ണം  കടത്താനുള്ള ശ്രമമാണ്  ഇന്ന് പോലീസ്  പൊളിച്ചത്. സംഭവത്തില്‍  കോഴികോട് കുണ്ടുങ്ങല്‍  സ്വദേശി മുഹമ്മദ് ജനീസ് (41) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.007 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി  ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
ബെഹ്റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു യുവാവ്.  വൈകുന്നേരം 4.30 മണിക്ക്  ബെഹ്റൈനില്‍  നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്  വിമാനത്തിലാണ്   കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 4.50 മണിയോടെ വിമാനത്താവളത്തിന്  പുറത്തിറങ്ങിയ ജനീസിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. കുറച്ച് സമയം എയര്‍പോര്‍ട്ട് പരിസരത്ത് തങ്ങിയ ജനീസ് തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൂത്തുക്കളോടൊപ്പം  കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ്  സീറോ പോയിന്റില്‍ വെച്ച് ജനീസിനെ  പോലീസ് കസ്റ്റഡിയിലെടുത്തത്.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ ജനീസ് വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ല. തൂടര്‍ന്ന് ജനീസിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയില്‍ ജനീസിന്റെ മലാശയത്തില്‍  സ്വര്‍ണ്ണ മിശ്രിതമടങ്ങിയ 4 കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു ജനീസിനെ  ബെഹ്റൈനില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. ജനീസിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും.

Sharing is caring!