പരപ്പനങ്ങാടി – പൊന്നാനി തീരദേശ കെഎസ്ആര്‍ടിസി ബസ് ഓടി തുടങ്ങി

പരപ്പനങ്ങാടി – പൊന്നാനി തീരദേശ കെഎസ്ആര്‍ടിസി  ബസ് ഓടി തുടങ്ങി

പറവണ്ണ: തീരദേശ പാത വഴി പരപ്പനങ്ങാടി – പൊന്നാനി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസിന് തുടക്കമായി. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ബസിന് താനൂര്‍ വാഴക്കാത്തെരുവില്‍ സ്വീകരണം നല്‍കി. താനൂര്‍-പരപ്പനങ്ങാടി തീരദേശ മേഖലകളെ ബന്ധിപ്പിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ താനൂര്‍ ഒട്ടുംപുറം പാലം വഴിയായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. മലപ്പുറം ഡിപ്പോ രണ്ടും പൊന്നാനി സബ്ഡിപ്പോ ഒരു സര്‍വീസുമായിരിക്കും തീരദേശ വഴി ഓടിക്കുക. താനൂര്‍ ജംങ്ഷനിലും ബസ്സ്റ്റാന്‍ഡിലും കയറാതെ പൂര്‍ണമായും തീരദേശ വഴിയായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് ഒട്ടുപുറം, വാഴക്കത്തെരു, ഉണ്യാല്‍, പറവണ്ണ, കൂട്ടായി, ആലിങ്ങല്‍, ചമ്രവട്ടം പാലം വഴിയാണ് സര്‍വീസ്. പൊന്നാനി എംഇഎസ് കോളജ്, മലയാളം സര്‍വകലാശാല മുതലായ കോളജുകളിലേയും സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, മത്സ്യത്തൊഴിലാളികള്‍, രോഗികള്‍ ഓഫീസുകളുമായി ബന്ധപ്പെട്ടിട്ടുള്ള ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ തുടങ്ങി തീരദേശത്തുള്ള പരപ്പനങ്ങാടി മുതലുള്ളവര്‍ക്കും തിരിച്ചും ആശ്വാസമാകുന്ന ഈ ബസ് റൂട്ട് ജനങ്ങളുടെ ദീര്‍ഘകാലത്തെ അഭിലാഷമായിരുന്നു. കായിക, ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ ശ്രമഫലമായാണ് സര്‍വീസുകള്‍ ആരംഭിച്ചത്.
 ജില്ലയിലെ മിക്ക മത്സ്യബന്ധന ഗ്രാമങ്ങളിലൂടെയും ബസ് സഞ്ചാരിക്കും. അതിനാല്‍ തീരകേന്ദ്രങ്ങളില്‍ എളുപ്പത്തിലും സമയലാഭത്തിലും എത്തിച്ചേരാം. മേഖലയിലെ വിനോദ സഞ്ചാരത്തിനും ഇത് ആക്കം കൂട്ടും. ഒട്ടുംപുറം തൂവല്‍തീരം വിനോദസഞ്ചാര കേന്ദ്രവും കനോലി കനാല്‍, പൂരപ്പുഴ എന്നിവ അറബിക്കടലില്‍ സംഗമിക്കുന്നതും അസ്തമയവും യാത്രയില്‍ കാണാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടായി-തിരൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയിരുന്നെങ്കിലും താനൂര്‍, പരപ്പനങ്ങാടി തീരദേശ മേഖലകളിലൂടെ ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത്.

Sharing is caring!