പോലീസ് സംഘത്തെ ആക്രമിച്ച മലപ്പുറം മമ്പാട് സ്വദേശി പിടിയില്‍

പോലീസ് സംഘത്തെ ആക്രമിച്ച മലപ്പുറം മമ്പാട് സ്വദേശി പിടിയില്‍

മലപ്പുറം: അമ്പലപ്പുഴയില്‍ നിന്നു കേസന്വേഷണത്തിനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയെ പിടികൂടി. മമ്പാട് സ്വദേശി അരഞ്ഞിക്കല്‍ മുസ്തഫ സേട്ടിനെ (46) യാണ് നിലമ്പൂര്‍ സിഐ പി. വിഷ്ണുവിന്റെ േനതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. 2021 ല്‍ എറണാകുളം-അമ്പലപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട കെ.എല്‍. 04 എ.എം. 0976 ഗ്രാന്റ് ഐടണ്‍ കാര്‍ മമ്പാട് തോട്ടിന്‍ക്കര സ്വദേശി അറഞ്ഞിക്കല്‍ അബൂബക്കര്‍ സിദീഖ്് (മാനു) അനധികൃതമായി കൈവശം വച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുഉപയോഗിച്ച് വരുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇക്കാര്യം അന്വേഷിക്കാനും വാഹനം കണ്ടെത്താനുമായി കഴിഞ്ഞ മാസം 17 ന് അമ്പലപ്പുഴ എസ്ഐ ജോണ്‍സണ്‍
പി. ജോസഫിന്റെ നേത്വത്തില്‍ പോലീസ് സംഘം മമ്പാട്ട്് എത്തിയിരുന്നു. സിദീഖിന്റെ വീട്ടിലെത്തി
വിവരം അറിയിച്ചെങ്കിലും സിദീഖ് വിദേശത്താണെന്നും വാഹനം മറ്റാര്‍ക്കോ മറിച്ചുകൊടുത്തിരിക്കയാണെന്നും സിദീഖിന്റെ ഭാര്യ അറിയിച്ചു. കേസിന്റെ ആവശ്യത്തിനു വീട് പരിശോധിക്കാന്‍ പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ടതു
പ്രകാരം അടുത്തുതാമസിക്കുന്ന സിദീഖിന്റെ സഹോദരനെ വിളിച്ചുവരുത്തി അവരുടെ സാന്നിധ്യത്തില്‍ വീട് പരിശോധിക്കാനൊരുങ്ങിയ പോലീസിനു നേരെ സഹോദരന്‍ അരഞ്ഞിക്കല്‍ മുസ്തഫ സേട്ടും(46) ഇദ്ദേഹത്തിനോടൊപ്പമുള്ള
രണ്ടു സഹോദരന്‍മാരും പോലീസിനെ തടയുകയും ഭീഷണിപ്പെടുത്തുകയും മുറിയിലിട്ട് വാതിലടക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
തുടര്‍ന്നു അമ്പലപ്പുഴ പോലീസ് അറിയിച്ചതനുസരിച്ചെത്തിയ നിലമ്പൂര്‍ പോലീസ് സംഘത്തെ കണ്ടു
പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്നു അമ്പലപ്പുഴ പോലീസ് വീട് പരിശോധിച്ച് രേഖകളും വാഹനത്തിന്റെ താക്കോലുകളും കണ്ടെത്തി. ജോലി തടസപ്പെടുത്തിയതിനും മറ്റും അമ്പലപ്പുഴ എസ്.ഐയുടെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടെ ഇന്നലെ മമ്പാട്ടെ വീട്ടില്‍ പ്രതി മുസ്തഫ സേട്ട് എത്തിയിട്ടുണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂര്‍ സി.ഐ പി. വിഷ്ണു, മുസ്തഫ സേട്ടിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. മറ്റു പ്രതികള്‍ ഒളിവിലാണ്. ഇപ്പോള്‍ വിദേശത്തുള്ള സിദീഖ് വര്‍ഷങ്ങളായി വാടകക്കെടുക്കുന്ന വാഹനങ്ങള്‍ നിസാര വിലക്ക് പണയത്തിനെടുത്ത് മറിച്ച് പണയംവയ്ക്കുന്ന പ്രധാന കണ്ണിയാണ്. പല തവണ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നു ഇയാളെ അന്വേഷിച്ച് പോലീസ് മമ്പാട് എത്താറുണ്ടെന്നു പോലീസ് അറിയിച്ചു.

 

 

 

Sharing is caring!