സുഹൃത്തുക്കള്‍ക്കൊപ്പം പാറമടയില്‍ കുളിക്കാന്‍ പോയ മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം പാറമടയില്‍ കുളിക്കാന്‍ പോയ മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

മലപ്പുറം: സുഹൃത്തുക്കള്‍ക്കൊപ്പം പാറമടയില്‍ കുളിക്കാന്‍പോയ മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലപ്പുറം ഇരുമ്പുഴി വടക്കുമുറി പാറമടയിലുണ്ടായ അപകടത്തില്‍ കോട്ടക്കല്‍ പൂവന്‍ചിനയിലെ കോട്ടയില്‍ കുഞ്ഞാലിയുടെ മകന്‍ കെ. നാദിസ് അലി(19)യാണ് മരിച്ചത്. വടക്കുമുറി ബ്രാഞ്ച് മഅ്ദിന്‍ ദ -അവ കോളേജിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
വടക്കുമുറി ബ്രാഞ്ച് ജുമാമസ്ജിദിന്റെ സമീപത്ത് പ്രവര്‍ത്തനം നിര്‍ത്തിയ ഏകദേശം 10 സെന്റ് ഓളം സ്ഥലത്തു വ്യാപിച്ചുകിടക്കുന്നതും ,ഏകദേശം 30 അടി വെള്ളം നിറഞ്ഞതും ഒരു ഭാഗം 100 അടിയോളം ഉയരവുമുള്ള പാറമടയിലാണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്.
പഠനം നടത്തുന്ന ്വടക്കുമുറി ബ്രാഞ്ച് മഹ്ദിന്‍ ദ -അവ കോളേജിന് സമീപത്തുതന്നെയാണ് ക്വാറിയും സ്ഥിതി ചെയ്യുന്നത്. ഇന്ന് അവധി ദിവസമായതിനാല്‍ നാദിസ് അലിയും രണ്ടു സുഹൃത്തുക്കളും കുളിക്കാനായാണ് ഇവിടെ എത്തിയിരുന്നത്. കുളിക്കുന്നതിനിടയില്‍
നാദിസ് അലി അപകടത്തില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍തന്നെ മഞ്ചേരി അഗ്നി രക്ഷാ നിലയത്തില്‍ നിന്നും, റെസ്‌ക്യൂ ടീം സംഭവ സ്ഥലത്ത് എത്തുകയും, റബ്ബര്‍ ഡിങ്കിയില്‍ സ്‌കൂബാ ഡ്രൈവറും , മുങ്ങല്‍ വിദഗ്ധരും പാറമടയില്‍ ഇറങ്ങി മുങ്ങിത്തപ്പുകയും ചെയ്തു. ഇതിനിടെ ജി.ആര്‍.എസ്.ആര്‍.എഫ് സൈനുല്‍ ഹബീബ് ആഴത്തില്‍ നിന്ന് കുട്ടിയെ മുങ്ങിയെടുക്കുകയായിരുന്നു.
തുടര്‍ന്ന്,കൂടെയുള്ളവരുടെ സഹായത്തോടെ പാറമടയില്‍ നിന്ന് റബ്ബര്‍ ഡിങ്കിയില്‍ കുട്ടിയെ കരയിലെത്തിക്കുകയും പ്രഥമ ശുശ്രൂഷ സി.പി.ആര്‍ നല്‍കിക്കൊണ്ട് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഉടനടി എത്തിക്കുകയും, ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മഞ്ചേരി അഗ്നി രക്ഷാ നിലയത്തില്‍നിന്നെത്തിയ ഉദ്യോഗസ്ഥരായ അബ്ദുള്‍കരീം, എസ്എഫ്ആര്‍ഒ മനോജ്, ജിആര്‍ എസ്എഫ്ആര്‍ഒ (എം) സൈനുല്‍ ഹബീബ്, സജീഷ്, ജംഷാദ്, ഫിറോസ്, കൃഷ്ണകുമാര്‍, മനേഷ്, പ്രജിത്ത്, അബൂബക്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം തെരച്ചില്‍ നടത്തിയത്.

 

 

Sharing is caring!