മലപ്പുറത്തേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യസൂത്രധാരന്‍ പിടിയില്‍

മലപ്പുറത്തേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യസൂത്രധാരന്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്തേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യസൂത്രധാരന്‍ പിടിയില്‍. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പോലീസ് എംഡിഎംഎ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയും ഒടുവില്‍ പിടിയിലായി. മലപ്പുറം ജില്ലയിലെ മൊറയൂര്‍ സ്വദേശി മുഹമ്മദ് അനസ് (33) നെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണ ടൗണിന് സമീപം കാറില്‍ വില്‍പ്പനയ്ക്കായെത്തിച്ച 35 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി കൊണ്ടോട്ടി സ്വദേശികളെ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയാണ് മൊറയൂര്‍ സ്വദേശി കക്കാട്ടുചാലില്‍ അത്തിക്കച്ചാലില്‍ മുഹമ്മദ് അനസ്.
മലപ്പുറം ജില്ലാപോലീസ് മേധാവി എസ് .സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി.അലവിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് ജില്ലയില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തില്‍പെട്ട കൊണ്ടോട്ടി സ്വദേശികളായ നൗഫല്‍, മന്‍സൂര്‍ എന്നിവരെ പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് 35 ഗ്രാം എംഡിഎംഎ സഹിതം പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍
സി.അലവി, എസ്.ഐ എ.എം മുഹമ്മദ് യാസിര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്‍സ്പെക്ടര്‍ സി.അലവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്തതില്‍ ബാംഗ്ലൂരില്‍ നിന്നും മുഹമ്മദ് അനസാണ് കേരളത്തിലേക്ക് എംഡിഎംഎ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്ന മുഖ്യസൂത്രധാരനെന്നും പല തവണ ബാംഗ്ലൂരില്‍ പോയി എംഡിഎംഎ നാട്ടിലെത്തിച്ച് ചില്ലറ വില്‍പ്പനയ്ക്കായി നൗഫലിനും മന്‍സൂറിനും കമ്മീഷന്‍ വ്യവസ്ഥയില്‍ കൈമാറുകയാണ് ചെയ്യാറുള്ളതെന്നും പ്രതികള്‍ മൊഴിനല്‍കിയതിന്റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതി മുഹമ്മദ് അനസിനെ മൊറയൂരില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന കേസുകളില്‍ സംഘത്തിലെ എല്ലാ പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് സൂചനലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ അറിയിച്ചു. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി.അലവി, എ.എസ്.ഐ. ബൈജു, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വഷണ സംഘത്തിലുണ്ടായിരുന്നത്.

 

Sharing is caring!