പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളുടെ പരാതിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍.

പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളുടെ പരാതിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍.

മലപ്പുറം: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമംകാട്ടിയ പരാതിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍. മലപ്പുറം പൂക്കോട്ടുംപാടത്താണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളുടെ പരാതിയില്‍ കരുളായി കൊയലമുണ്ട സ്വദേശി കാപ്പില്‍ വീട്ടില്‍ ഹംസയെ(55)യാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടത്തെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ഹംസ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമം നടത്തിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയത്. ഹംസക്കെതിരെ മൂന്നു വിദ്യാര്‍ഥികള്‍ പേര്‍ പൂക്കോട്ടുംപാടം പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചതോടെ ഒളിവില്‍ പോയ പ്രതിയെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. അതേ സമയം പ്രതിയെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രതിയുടെ ഫോട്ടോയും അന്വേഷിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരെ വിവിധ കാരണങ്ങള്‍ പറഞ്ഞു മടക്കി അയക്കുകയായിരുന്നുവെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതുകൊണ്ടു ഇരകളെ തിരിച്ചറിയാനുള്ള സാധ്യത ഒന്നും തന്നെ ഇല്ലെന്നിരിക്കെ കേസില്‍ പോലീസ് ഒളിച്ചുകളിക്കുന്നതായാണ് മേഖലയിലെ മാധ്യമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഉന്നത പോലീസ് വൃത്തങ്ങളെ വിവരം അറിയിച്ചപ്പോള്‍ സ്‌റ്റേഷനില്‍നിന്നും ലഭിക്കുമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ സ്‌റ്റേഷനില്‍ വിളിക്കുമ്പോള്‍ സി.ഐയുടെ അനുമതിവേണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയണെന്നും സി.ഐക്കു വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെ മുങ്ങുകയാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു. അതേ സമയം സമാനമായി മേഖലയില്‍ നടക്കുന്ന പല കുറ്റകൃത്യങ്ങളിലും സി.ഐക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. പ്രതികളുടെ വിവരങ്ങള്‍ കൈമാറാന്‍ പോലീസ് മടിക്കുകയാണെന്നും ഇതിന് പിന്നില്‍ മറ്റു ഗൂഡലക്ഷ്യങ്ങള്‍ ഉണ്ടോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
അതേ സമയം പരപ്പനങ്ങാടികോടതി സാമൂച്ചയത്തില്‍ പുതിയ പോക്‌സോ കോടതിയുടെ കെട്ടിട നിര്‍മ്മാണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. പി. എ മജീദ് എം എല്‍ എ അറിയിച്ചു. എം. എല്‍. എ നല്‍കിയ പ്രൊപ്പോസല്‍ പ്രകാരമാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കിയത്. നിലവിലുള്ള കോടതി ബാര്‍ അസോസിയേഷന്‍ ഹാള്‍ കെട്ടിടത്തിലാണ് പുതിയ നിര്‍മ്മാണം നടക്കുക. നേരത്തെ മജിസ്ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി എന്നിവക്ക് ആധുനിക രീതിയിലുള്ള, പരിസ്ഥിതി സൗഹൃദമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് 25 കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. ഇതിനു പുറമെയാണ് പോക്‌സോ കോടതിക്ക് 25 ലക്ഷം രൂപയുടെ അനുമതി കൂടി ലഭിച്ചത്. നേരത്തെ പി. കെ അബ്ദു റബ്ബിന്റെ ശ്രമഫലമായി പരപ്പനങ്ങാടി കോടതി സാമൂച്ചയത്തില്‍ പോക്‌സോ കോടതി അനുവദിച്ചിരുന്നു. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കെ. പി. എ മജീദ് പറഞ്ഞു.

 

Sharing is caring!