മലപ്പുറത്ത് 16കാരിയെ പീഡിപ്പിച്ച കേസില്‍ 20കാരന്‍ അറസ്റ്റില്‍

മലപ്പുറത്ത് 16കാരിയെ  പീഡിപ്പിച്ച കേസില്‍ 20കാരന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം വലമ്പൂര്‍ പൂപ്പലം പള്ളിയാലില്‍ ഫൈസലി(20)നെയാണ് പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഈമാസം അഞ്ചിനു രാവിലെ പെണ്‍കുട്ടിയെ സുഹൃത്തിന്റെ ബൈക്കില്‍ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേ സമയം പ്രണയം നടിച്ച് പതിനഞ്ചുകാരിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയ സംഭവത്തില്‍ 20 കാരനായ കാമുകനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ റിമാന്റ് ചെയ്തു. മലപ്പുറം ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാമിനെയാണ് ഈ മാസം 30 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചത്. മൊബൈല്‍ ഫോണിലൂടെയും മറ്റും പിന്തുടര്‍ന്ന് പ്രണയം നടിച്ച് ഇക്കഴിഞ്ഞ 14നാണ് പ്രതി കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയത്. തുടര്‍ന്ന് തന്റെ സ്‌കൂട്ടറില്‍ കയറ്റി രണ്ടു ദിവസങ്ങളിലായി പലയിടങ്ങളിലും കറങ്ങി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി കുട്ടിയെ വണ്ടൂരില്‍ നിന്നും കണ്ടെത്തി. 17ന് യുവാവിനെ മഞ്ചേരിയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഈ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്ന് മുഹമ്മദ് ഹിഷാമിനെതിരെ നേരത്തെ കേസ് നിലവിലുണ്ട്.

 

 

Sharing is caring!