യുവാവിനെ ഗുണ്ടാ നേതാവിന്റെ നേതൃത്വത്തില്‍ അക്രമിച്ച് പണം കവര്‍ന്ന രണ്ടു പേര്‍ അറസ്റ്റില്‍

യുവാവിനെ ഗുണ്ടാ നേതാവിന്റെ നേതൃത്വത്തില്‍ അക്രമിച്ച് പണം കവര്‍ന്ന രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറം: മമ്പാട് സ്വദേശിയായ യുവാവിനെ ഗുണ്ടാ നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നിലമ്പൂര്‍ റെയില്‍വേ സറ്റേഷനു സമീപം താമസിക്കുന്ന ചിറക്കല്‍ ഷെഫീഖ് (അപ്പാച്ചി ഷഫീഖ്-39), വഴിക്കടവ് കാരക്കോട് സ്വദേശി കരിമ്പനക്കല്‍ മുഹമ്മദ് ഇക്ബാല്‍ (42) എന്നിവരെയാണ് നിലമ്പൂര്‍ സി.ഐ. പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിലമ്പൂര്‍ വീട്ടിച്ചാല്‍ സ്വദേശി തേക്കില്‍ ശതാബിനെ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ജയില്‍ മോചിതനായ ശതാബ് മമ്പാട് സ്വദേശിയായ പരാതിക്കാരനോട് പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ തയ്യാറാകാത്തതിലുള്ള വിരോധം വെച്ച് പരാതിക്കാരനെ നിലമ്പൂരിലെ ബാറിലേക്ക് വിളിച്ച് വരുത്തി ശതാബിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം ആക്രമിച്ച് പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന പണം പിടിച്ചു പറിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ ശതാബ് ഒളിവിലാണ്. എസ്.ഐ. വിജയരാജന്‍, സി.പി.ഓ.മാരായ കെ. ഷിഫിന്‍, പ്രിന്‍സ്, ടി. ബിജേഷ് എന്നിവരും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

Sharing is caring!