മലപ്പുറം മഞ്ചാടിയില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍പോകുന്നതിനിടെ അപകടത്തില്‍പ്പെട്ട് 30കാരി മരിച്ചു

മലപ്പുറം മഞ്ചാടിയില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍പോകുന്നതിനിടെ അപകടത്തില്‍പ്പെട്ട് 30കാരി മരിച്ചു

മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിയില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ചെമ്പിക്കല്‍ പകരനെല്ലുര്‍ സ്വദേശിനി വലിയാക്കത്തൊടിയില്‍ ഹഫ്‌സത്ത് ബീവി (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഹഫ്‌സത്ത് റോഡിലേക്ക് വീഴുകയായിരുന്നു.

ഈ സമയം ഇത് വഴി കടന്ന് പോയ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന മിനിലോറി ഹഫ്‌സത്തിന്റെ ശരീരത്തിലുടെ കയറി ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട സമയം ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭര്‍ത്താവ് അബ്ദുള്ളക്കോയയുടെ തങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബ്ദുള്ളക്കോയയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്ന് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

 

Sharing is caring!